ക്ലബ് ഫുട്‌ബോൾ ലോകകപ്പ്: ജയത്തോടെ പിഎസ്‌ജി; പത്തടിച്ച് ബയേൺ

കാലിഫോർണിയ: യൂറോപ്പ് അടക്കിവാണെത്തിയ പിഎസ്‌ജി ആധികാരിക പ്രകടനം തുടരുന്നു. കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ നാല് ഗോളിന് തരിപ്പണമാക്കി ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ഉജ്വലമായി അരങ്ങേറി. ഫാബിയാൻ റൂയിസ്, വിറ്റീന്യ, സെന്നി മയുലു, ലീ കാങ് ഇൻ എന്നിവർ പാരിസ് പടയ്‌ക്കായി ഗോളടിച്ചു. പ്രതിരോധക്കാരൻ ക്ലെമെന്റ് ലാങ്‌ലെറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവസാന 12 മിനിറ്റ് പത്തുപേരുമായാണ് അത്‌ലറ്റികോ കളിച്ചത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ അഞ്ച് ഗോളിന് കശക്കിയ അതേ പിഎസ്‌ജിയായിരുന്നു അത്‌ലറ്റികോയ്‌ക്കെതിരെയും. അവർ മനോഹരമായ ആക്രമണ ഫുട്‌ബോളിന്റെ കെട്ടഴിച്ചു. പരിക്കേറ്റ സൂപ്പർതാരം ഉസ്‌മാൻ ഡെംബെലെയുടെ അഭാവമൊന്നും പിഎസ്‌ജിയെ തളർത്തിയില്ല. ആദ്യ 15 മിനിറ്റിൽതന്നെ അവർ നയം വ്യക്തമാക്കി. 82.6 ശതമാനവും പന്ത് ഫ്രഞ്ച് ക്ലബ്ബിന്റെ കാലുകളിലായിരുന്നു. പന്ത് കിട്ടാനായി അത്‌ലറ്റികോ അലയുന്ന കാഴ്‌ച. പേരുകേട്ട അത്‌ലറ്റികോ പ്രതിരോധമാകട്ടെ ആദ്യമേ കീഴടങ്ങൽ പ്രഖ്യാപിച്ചു. 19–-ാം മിനിറ്റിൽ റൂയിസിലൂടെ മുന്നിലെത്തി. ഇടവേളയ്‌ക്കുമുമ്പ് വിറ്റീന്യ ലീഡുയർത്തി.
രണ്ടാംപകുതിയിലും ലൂയിസ് എൻറിക്വെ പരിശീലിപ്പിക്കുന്ന പിഎസ്‌ജി ആധിപത്യം തുടർന്നു. ഒൺട്ടോയ്‌ൻ ഗ്രീസ്‌മാൻ, ജൂലിയൻ അൽവാരസും ഉൾപ്പെട്ട അത്‌ലറ്റികോ മുന്നേറ്റനിര തീർത്തും മങ്ങി. ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ട് മാത്രമാണ് ഉതിർക്കാനായത്. കാലിഫോർണിയയിലെ റോസ്‌ബൗൾ സ്‌റ്റേഡിയത്തിൽ 80,619 പേരാണ് കളി കാണാനെത്തിയത്. 20ന് ബൊട്ടഫോഗോയുമായാണ് പിഎസ്‌ജിയുടെ അടുത്ത കളി. അത്‌ലറ്റികോ അന്നുതന്നെ സിയാറ്റിൽ സൗണ്ടേഴ്‌സിനെ നേരിടും.
ബയേൺ മ്യൂണിക്കിന്റെ ഗോൾമഴയിൽ ഓക്‌ലൻഡ് സിറ്റി തവിടുപൊടിയായി. ന്യൂസിലൻഡ് ക്ലബ്ബിനെ പത്ത് ഗോളിന് തകർത്ത് ബയേൺ ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ജൈത്രയാത്ര തുടങ്ങി. ജമാൽ മുസിയാല ഹാട്രിക് നേടിയപ്പോൾ കിങ്‌സ്‌ലി കൊമാൻ, തോമസ് മുള്ളർ, മൈക്കേൽ ഒലീസെ എന്നിവർ ഇരട്ടഗോളടിച്ചു. മറ്റൊന്ന് സാച്ച ബോയെയുടെ വകയായിരുന്നു. ന്യൂസിലൻഡിലെ കുഞ്ഞൻ ക്ലബായ ഓക്--ലൻഡ് സിറ്റിയിലെ കളിക്കാരിൽ ഭൂരിഭാഗം പേരും പ്രഫഷണലുകളല്ല. മറ്റ് ജോലിക്ക് പോകുന്നവരാണ്. സീസണായാലാണ് ഫുട്ബോൾ കളിക്കാറ്. 5,000 പേർക്ക് ഇരിക്കാവുന്ന സ്--റ്റേഡിയമാണ് ടീമിനുള്ളത്.
ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ബൊട്ടഫോഗോ ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ജയത്തോടെ തുടങ്ങി. അമേരിക്കൻ ക്ലബ്ബായ സിയാറ്റിൽ സൗണ്ടേഴ്‌സിനെ 2–-1ന് തോൽപ്പിച്ചു. ഹയ്‌ർ കുൻഹ, ഐഗർ ഹെസ്യൂസ് എന്നിവർ ബ്രസീൽ ക്ലബ്ബിനായി ലക്ഷ്യംകണ്ടു. മറ്റൊരു കളിയിൽ ബ്രസീൽ ടീമായ പാൽമെയ്‌റാസ് പോർച്ചുഗൽ വമ്പൻമാരായ പോർട്ടോയെ ഗോളടിക്കാതെ തളച്ചു.









0 comments