64 ടീമുകളുടെ ലോകകപ്പ് ഫിഫയുടെ ആലോചനയിൽ; ഇന്ത്യയ്ക്ക് യോഗ്യത നേടാനാകുമോ?

Photo Credit:FIFA
സൂറിച്ച്: 48 ടീമുകളെ ഉൾപ്പെടുത്തി വിപുലീകരിച്ച 2026 ഫിഫ ലോകകപ്പിന്റെ വൻ വിജയം നൽകിയ ആത്മവിശ്വാസത്തിൽ, ഭാവിയിൽ ലോകകപ്പ് 64 ടീമുകളുടേതാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.
ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ മത്സരിക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും സ്വപ്നം കാണാൻ അവസരമുണ്ടാകണമെന്നും 2026 ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
32 ടീമുകളിൽ നിന്ന് 48 ടീമുകളായി ഉയർത്തിയ ഈ വർഷത്തെ ലോകകപ്പിൽ ആകെ 104 മത്സരങ്ങളാണുള്ളത്. ഇത് 64 ടീമുകളാക്കുകയാണെങ്കിൽ മത്സരങ്ങളുടെ എണ്ണം 128 ആയി ഉയരും.
ചെറുകിട രാജ്യങ്ങൾക്ക് ലോകകപ്പിൽ കളിക്കാൻ അവസരം നൽകിയില്ലെങ്കിൽ അവർക്ക് കളി മെച്ചപ്പെടുത്താനുള്ള പ്രചോദനം നഷ്ടപ്പെടുമെന്നാണ് ഇൻഫാന്റിനോയുടെ നിലപാട്.
എന്നാൽ, ടീമുകളുടെ എണ്ണം കൂട്ടുന്നത് ഫുട്ബോൾ വ്യവസ്ഥിതിയെയും കളിക്കാരുടെ ഫിറ്റ്നസിനെയും ബാധിക്കുമെന്ന് കോൺകകാഫ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനി ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിക്കുന്നുമുണ്ട്.
64 ടീമുകളായാൽ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാനാകുമോ?
ലോകകപ്പ് 64 ടീമുകളുടേതാക്കി മാറ്റിയാൽ ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും ഇന്ത്യയ്ക്ക് കൈവരിക.
48 ടീമുകളായപ്പോൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ (എഎഫ് സി) നിന്നുള്ള നേരിട്ടുള്ള യോഗ്യതാ സീറ്റുകൾ 4.5-ൽ നിന്ന് 8.5 ആയി ഉയർന്നിരുന്നു. ടൂർണമെന്റ് വീണ്ടും വിപുലീകരിക്കുമ്പോൾ 16 സീറ്റുകൾ കൂടി അധികമായി വരും. ഇതിൽ ആനുപാതികമായ വിഹിതം ഏഷ്യയ്ക്ക് ലഭിച്ചാൽ AFC-യുടെ നേരിട്ടുള്ള സീറ്റുകൾ 11 അല്ലെങ്കിൽ 12 ആയി ഉയർന്നേക്കാം.
നിലവിൽ ഏഷ്യയിലെ വമ്പന്മാരായ ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങൾ ഉറപ്പിച്ചാൽ, ഖത്തർ, ഇറാഖ്, ഉസ്ബെക്കിസ്ഥാൻ, യുഎഇ, ജോർദാൻ തുടങ്ങിയ ടീമുകളാണ് അടുത്ത സ്ഥാനങ്ങൾക്കായി പോരാടുന്നത്.
ഇന്ത്യയ്ക്ക് 11-ാമത്തെയോ 12-ാമത്തെയോ സീറ്റ് പിടിച്ചെടുക്കണമെങ്കിൽ ഒമാൻ, ബഹ്‌റൈൻ, സിറിയ, ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നീ ടീമുകളെ സ്ഥിരമായി പരാജയപ്പെടുത്തേണ്ടതുണ്ട്.
നിലവിൽ ഏഷ്യൻ റാങ്കിംഗിൽ ഇന്ത്യ 15-ാം സ്ഥാനത്താണ് തുടരുന്നത്. അതുകൊണ്ട് തന്നെ, 64 ടീമുകളായി ലോകകപ്പ് വിപുലീകരിച്ചാൽ പോലും ഇന്ത്യൻ ഫുട്ബോൾ ടീമിന് യോഗ്യത നേടണമെങ്കിൽ നിലവിലുള്ള പ്രകടനത്തിൽ വലിയ രീതിയിലുള്ള പുരോഗതി അത്യാവശ്യമാണ്.











0 comments