ad
Deshabhimani

print edition സ്പാനിഷ് ലീഗ് ഫുട്ബോൾ; ബാഴ്‌സ മുന്നോട്ട്‌

barca

ബാഴ്സയ്--ക്കായി ഇരട്ടഗോൾ നേടിയ ഫെറാൻ ടോറെസ്‌

വെബ് ഡെസ്ക്

Published on Apr 13, 2026, 01:34 AM | 1 min read

ബാഴ്‌സലോണ : ഏഴ്‌ റ‍ൗണ്ട്‌ മാത്രം ശേഷിക്കെ സ്‌പാനിഷ്‌ ഫുട്ബോൾ ലീഗിൽ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിൽ ബാഴ്‌സലോണ. എസ്‌പാന്യോളിനെ 4–1ന്‌ തകർത്ത ബാഴ്‌സയ്‌ക്ക്‌ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ ഒന്പത്‌ പോയിന്റ്‌ ലീഡായി. അവസാന ഏഴ്‌ കളികളിലൊന്ന്‌ റയലുമായിട്ടാണ്‌. മെയ്‌ 10നാണ്‌ എൽ ക്ലാസികോ. ഇരട്ടഗോളുമായി ഫെറാൻ ടോറെസ്‌ ബാഴ്‌സ നിരയിൽ തിളങ്ങി. ലമീൻ യമാൽ ഒരു ഗോളടിച്ചു. രണ്ടെണ്ണത്തിന്‌ അവസരമൊരുക്കി. മാർകസ്‌ റാഷ്‌ഫഡ്‌ പട്ടിക പൂർത്തിയാക്കി.


ചാന്പ്യൻസ്‌ ലീഗ്‌ ആദ്യപാദ ക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡിനോട്‌ രണ്ട്‌ ഗോളിന്‌ തോറ്റതിന്റെ ക്ഷീണത്തിലായിരുന്നു ബാഴ്‌സ. എന്നാൽ ലീഗിലെ കറ്റാലൻമാരുടെ പോരിൽ ബാഴ്‌സ ആധിപത്യം കാട്ടി. ആദ്യപകുതിയിലായിരുന്നു ടോറെസിന്റെ രണ്ട്‌ ഗോളും. ആദ്യത്തേത്‌ യമാലിന്റെ കോർണറിൽ തലവച്ചായിരുന്നു. രണ്ടാമത്തേത്‌ യമാലിന്റെ പാസ്‌ പിടിച്ചെടുത്ത്‌ തൊടുത്തു. ജനുവരിക്ക്‌ ശേഷം ആദ്യമായാണ്‌ ടോറെസ്‌ ഗോളടിക്കുന്നത്‌.


ഇടവേളയ്‌ക്കുശേഷമുള്ള ആദ്യ ഘട്ടത്തിൽ പോൾ ലോസാനോയലിലൂടെ എസ്‌പാന്യോൾ ഒരെണ്ണം മടക്കി. തുടർന്നായിരുന്നു യമാലിന്റെ തകർപ്പൻ ഗോൾ. മധ്യവരയിൽനിന്നുള്ള പാസ്‌ പിടിച്ചെടുത്ത്‌ മുന്നേറിയ സ്‌പാനിഷ്‌ താരത്തെ തടയാൻ എസ്‌പാന്യോൾ ഗോൾ കീപ്പർ ബോക്‌സ്‌ വിട്ട്‌ പുറത്തുവന്നെങ്കിലും -ഫ-ലമുണ്ടായില്ല. ലീഗിൽ 100–ാം മത്സരമായിരുന്നു യമാലിന്‌. ഇ‍ൗ നേട്ടം കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം. പതിനെട്ട്‌ വർഷവും 272 ദിവസവുമാണ്‌ പ്രായം. ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ, ഗോളടിക്കാരൻ എന്ന റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്‌. കളിയുടെ അവസാന നിമിഷം ഫ്രെങ്കി ഡി യോങ്ങിന്റെ നീക്കത്തിൽനിന്നായിരുന്നു റാഷ്‌ഫഡിന്റെ ഗോൾ.


പതിനാലിന്‌ ചാന്പ്യൻസ്‌ ലീഗ്‌ രണ്ടാംപാദ ക്വാർട്ടറിൽ അത്‌ലറ്റികോയെ നേരിടാനൊരുങ്ങുകയാണ്‌ ബാഴ്‌സ. ആദ്യപാദം രണ്ട്‌ ഗോളിന്‌ തോറ്റിരുന്നു. അത്‌ലറ്റികോ ലീഗിൽ സെവിയ്യയോട്‌ 1–2ന്‌ തോറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home