ഫൈനലിൽ മാഞ്ചസ്‌റ്റർ സിറ്റിയെ തോൽപ്പിച്ചു
ഗ്ലാസ്‌നെർ കൊട്ടാരം ; ക്രിസ്‌റ്റൽ പാലസിന് എഫ്‌എ കപ്പ്


Sports Desk
Published on May 19, 2025, 03:02 AM | 2 min read
ലണ്ടൻ
വിശ്വാസമായിരുന്നു ക്രിസ്‌റ്റൽ പാലസിന്റെ വിജയഗാഥയ്‌ക്ക് പിന്നിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ സീസണിൽ ആദ്യ എട്ട് കളിയിൽ മൂന്ന് പോയിന്റ് മാത്രമായിരുന്നു. എന്നിട്ടും ടീം മാനേജ്‌മെന്റ് പരിശീലകൻ ഒളിവർ ഗ്ലാസ്‌നെറിൽ വിശ്വസിച്ചു. തുടർ തോൽവികളിൽ പഴിക്കാതെ കോച്ച് കളിക്കാരിൽ വിശ്വാസമർപ്പിച്ചു. ഒടുവിൽ സീസൺ അവസാനം പാലസ് ചാമ്പ്യൻമാരായി. എഫ്‌എ കപ്പിൽ മാഞ്ചസ്‌റ്റർ സിറ്റിയെ ഒരുഗോളിന് കീഴടക്കി ആദ്യമായൊരു കിരീടം. മുമ്പ് രണ്ടുതവണ (1990, 2016) ഫൈനലിൽ തോറ്റശേഷമാണ് വെംബ്ലിയിലെ ചരിത്രം.
ഗ്ലാസ്‌നെറെ ചുറ്റിപ്പറ്റിയായിരുന്നു പാലസിന്റെ തുടക്കം. 1992നുശേഷം പ്രീമിയർ ലീഗിൽ ഇത്രയും മോശം തുടക്കമുണ്ടായിട്ടില്ല. ഒമ്പതാം കളിവരെ കാത്തിരിക്കേണ്ടിവന്നു ഒരു ജയത്തിന്.
സീസണിൽ മങ്ങിപ്പോയെങ്കിലും പെപ് ഗ്വാർഡിയോളയുടെ സിറ്റി കിരീടത്തോടെ അവസാനിപ്പിക്കാൻ ആഗ്രഹിച്ചാണ് വെംബ്ലിയിലെത്തിയത്. എർലിങ് ഹാലണ്ടും കെവിൻ ഡി ബ്രയ്‌നും ഉൾപ്പെട്ട മുൻനിര താരങ്ങളുമുണ്ടായിരുന്നു.എന്നാൽ, പാലസിന്റെ പദ്ധതികൾ കൃത്യമായിരുന്നു. ആദ്യ 20 മിനിറ്റിൽ അവർ പ്രത്യാക്രമണത്തിലൂടെ ലീഡ് നേടി. എബെറെച്ചി എസെ സിറ്റി ഗോൾ കീപ്പർ സ്‌റ്റെഫാൻ ഒർട്ടേഗയെ കീഴടക്കി. ഡാനിയേൽ മ്യുനോസാണ് പാലസിന്റെ പ്രത്യാക്രമണത്തിന് തിരിതെളിച്ചത്.
കളത്തിൽ മുഴുവൻ സിറ്റിയുടെ നീക്കങ്ങളായിരുന്നു. അതിനെ ചെറുക്കാൻ മൂന്നംഗപ്പടയെ ഗ്ലാസ്‌നെർ ചുമതലപ്പെടുത്തി. മാക്‌സെൻസ് ലക്രോയ്‌ക്‌സ്, ക്രിസ് റിച്ചാർഡ്‌സ്, ക്യാപ്‌റ്റൻ മാർക് ഗുയേറി. മൂവരും സിറ്റി ആക്രമണത്തിന്റെ മുനയൊടിച്ചു. സിറ്റി താരം ഒമർ മർമൗഷിന്റെ പെനൽറ്റി കിക്ക് സാഹസികമായി തടഞ്ഞിട്ട ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്‌സനാണ് പാലസിന്റെ സൂപ്പർ താരമായത്.
ഗ്ലാസ്‌നെർ ചുമതലയേൽക്കുമ്പോൾ പ്രതിസന്ധിയിലായിരുന്നു ക്ലബ്. ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായ മിച്ചേൽ ഒലീസെ ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറി. പ്രതിരോധത്തിലെ കുന്തമുന ജൊയാകിം ആൻഡേഴ്‌സൺ ഫുൾഹാമിലേക്കും പോയി. എഡ്ഡീ എൻകെറ്റിയായിരുന്നു ടീമിലെത്തിയ പ്രധാന താരം. ഗ്ലാസ്‌നെർ ടീമിന്റെ ഘടനമാറ്റി. എസെ, ആദം വാർട്ടൺ, ഗുയേഹി, ഹെൻഡേഴ്‌ൺ തുടങ്ങിയവരിൽ വിശ്വാസമർപ്പിച്ചു. ജീൻ ഫിലിപ് മറ്റേറ്റ, ജെഫേഴ്‌സൺ ലാർമ, മ്യൂനോസ് എന്നിവരെയും ഒപ്പംകൂട്ടി. ആക്രമണത്തിൽ എസെ, ഇസ്‌മാലിയസ സാർ, മറ്റേറ്റ ത്രയത്തെ വച്ച് പദ്ധതിയുണ്ടാക്കി. മ്യൂനോസായിരുന്നു സീസണിൽ തിളങ്ങിയത്. ആറ് ഗോളാണ് കൊളംബിയക്കാരൻ നേടിയത്. ഏഴെണ്ണത്തിന് അവസരമൊരുക്കി. 2022ൽ ജർമൻ ക്ലബ് ഐൻട്രാക്‌റ്റ് ഫ്രാങ്ക്‌ഫുർട്ടിനെ യൂറോപ ലീഗ് ജേതാക്കളാക്കിയാണ് ഓസ്‌ട്രിയക്കാരനായ ഗ്ലാസ്‌നെർ ശ്രദ്ധനേടുന്നത്.










0 comments