ad
Deshabhimani

മൈതാനത്ത് ബോക്സിംഗ്; എതിർ ക്യാപ്റ്റനെ ഇടിച്ച് വീഴ്ത്തി ഗോൾകീപ്പർ, അച്ചടക്ക നടപടിക്ക് സരഗോസ

goly attack

Photo Credit: Social Media

വെബ് ഡെസ്ക്

Published on Apr 27, 2026, 04:37 PM | 1 min read

സരഗോസ: സ്പാനിഷ് രണ്ടാം ഡിവിഷൻ ഫുട്ബോളിലെ ആവേശകരമായ പോരാട്ടത്തിന് പിന്നാലെ എതിർതാരത്തെ മർദ്ദിച്ച റിയൽ സരഗോസ ഗോൾകീപ്പർ എസ്റ്റെബാൻ ആൻഡ്രാഡയ്‌ക്കെതിരെ കടുത്ത അച്ചടക്ക നടപടി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന റിയൽ സരഗോസയും ഹ്യൂസ്കയും തമ്മിലുള്ള ഡെർബി മത്സരത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ ആൻഡ്രാഡ എതിർ ക്യാപ്റ്റനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.


മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഹ്യൂസ്ക താരത്തെ തള്ളിയിട്ടതിന് ആൻഡ്രാഡ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായിരുന്നു. എന്നാൽ ഗ്രൗണ്ട് വിടുന്നതിന് പകരം താരം ഓടിച്ചെന്ന് ഹ്യൂസ്ക ക്യാപ്റ്റൻ ജോർജ് പുലിഡോയുടെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇത് മൈതാനത്ത് ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വൻ ഏറ്റുമുട്ടലിന് വഴിവെച്ചു. സംഘർഷത്തെത്തുടർന്ന് ഹ്യൂസ്ക ഗോൾകീപ്പർ ഡാനി ജിമെനെസിനെയും സരഗോസയുടെ ഡാനി തസെന്ദെയെയും റെഫറിക്ക് പുറത്താക്കേണ്ടി വന്നു.


സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇത്തരം ഒരു പെരുമാറ്റത്തിന് കാരണമെന്നും 35-കാരനായ ആൻഡ്രാഡ പിന്നീട് പ്രതികരിച്ചു. "ക്ലബ്ബിനും ആരാധകർക്കും എന്റെ പ്രൊഫഷനും ഇതൊരു നല്ല പ്രതിച്ഛായയല്ല നൽകുന്നത്. ജോർജ് പുലിഡോയോട് ഞാൻ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. കരിയറിൽ ഇതിന് മുൻപ് ഒരിക്കൽ മാത്രമാണ് എനിക്ക് ചുവപ്പ് കാർഡ് ലഭിച്ചിട്ടുള്ളത്. ലീഗ് നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്," താരം വ്യക്തമാക്കി.


ആൻഡ്രാഡയുടെ പെരുമാറ്റത്തെ റിയൽ സരഗോസ ക്ലബ്ബ് ശക്തമായി അപലപിച്ചു. കായിക ലോകത്തിന് ചേരാത്തതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് മൈതാനത്ത് നടന്നതെന്ന് ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആരാധകർക്ക് മാതൃകയാകേണ്ട താരങ്ങളിൽ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും താരത്തിനെതിരെ ആഭ്യന്തരമായി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ക്ലബ്ബ് കൂട്ടിച്ചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home