print edition പന്ത് തൊട്ടു; വല തകർത്തു

ന്യൂജേഴ്‌സി: ബ്രസീലുമായുള്ള പ്രീ ക്വാർട്ടർ പോരിൽ ആകെ നാല് തവണയാണ് എർലിങ് ഹാലണ്ട് എതിർബോക്‌സിൽവച്ച് പന്ത് തൊട്ടത്. അതിലൊന്ന് ഗോളുമായി. 79–ാം മിനിറ്റിൽ നോർവെയുടെ ആദ്യഗോൾ. 11 മിനിറ്റിനുശേഷം ബോക്‌സിന് പുറത്തുനിന്നുള്ള നിലംപറ്റിയ ഷോട്ട്. ഇൗ ലോകകപ്പിൽ ഇരുപത്തഞ്ചുകാരന്റെ ഏഴാംഗോൾ. രണ്ട് ഗോൾ ജയവുമായി നോർവെ ആദ്യമായി ലോകകപ്പ് ക്വാർട്ടറിലേക്ക്.
എതിർനിരയെ കീറിമുറിച്ചുള്ള കുതിപ്പില്ല, ബോക്‌സിന് പുറത്തുനിന്ന് എതിർ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞുള്ള മുന്നേറ്റമില്ല. ഹാലണ്ട് സ്വന്തം സമയം കാത്തുനിൽക്കും. പന്ത് കാലിൽ കിട്ടാതിരുന്നാൽ അസ്വസ്ഥതയൊന്നുമില്ല. ക്ഷമയാണ് കരുത്ത്. അവസരം കിട്ടുന്പോൾ അടിക്കുക. അത്ര മാത്രം.
1998നുശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന നോർവെയാണ് അഞ്ച് കിരീടങ്ങളുള്ള ബ്രസീലിനെ തോൽപ്പിച്ചത്.
കാസെമിറോയും ബ്രൂണോ ഗുയ്‌മെറസും ഉൾപ്പെട്ട ബ്രസീൽ മധ്യനിരയെ ലക്ഷ്യംവച്ചായിരുന്നു നോർവെയുടെ നീക്കങ്ങൾ. നിരന്തരമുള്ള പാസുകൾ കൊണ്ട് കളിഗതി മാറ്റി. ഇടയ്‌ക്ക് ലോങ് ബോളുകൾ കൊണ്ട് ഹാലണ്ടിനെ ലക്ഷ്യംവച്ചു. ബ്രസീലിന്റെ പ്രധാന മുന്നേറ്റക്കാരായ വിനീഷ്യസ് ജൂനിയറിന് കൂടുതൽ സമയം പന്ത് കൈവശം വയ്‌ക്കാൻ അവസരം നൽകിയതേയില്ല. ബോക്‌സിനുള്ളിൽ കടന്നപ്പോൾ ഗോൾകീപ്പർ ഒർയാൻ നയ്‌ലൻഡ് തടഞ്ഞു.
66 ശതമാനമാണ് നോർവെയുടെ കാലിൽ പന്തുണ്ടായത്. ആകെ 680 പാസുകൾ. ബ്രസീലിന്റേത് 329 എണ്ണമായിരുന്നു. ബ്രസീൽ പ്രതിരോധക്കാരൻ ഗബ്രിയേൽ മഗാലിയസ് ഹാലണ്ടിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരുന്നു കളിക്കുമുന്പുള്ള ആകാംക്ഷ. ആദ്യപകുതിയിൽ ഒറ്റ തവണ പോലും ഹാലണ്ടിന് ബോക്‌സിനുള്ളിൽവച്ച് പന്ത് തൊടാനായില്ല.
ഗബ്രിയേൽ സമർഥമായി കൈകാര്യം ചെയ്‌തു. എന്നാൽ 79–ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറുപ് ഇടതുവശത്തുനിന്ന് തൊടുത്ത ക്രോസിൽ ഹാലണ്ട് തലവയ്‌ക്കുന്പോൾ ഗബ്രിയേലിന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു. കളിയിലാകെ 30 തവണയാണ് നോർവെ മുന്നേറ്റക്കാരൻ പന്ത് തൊട്ടത്. അതിൽ രണ്ട് ഗോളും വന്നു. നാല് കളിയിലാണ് ഏഴ് ഗോൾ. നോർവെയ്‌ക്കായി 54 കളിയിൽ 62. ഇതിൽ ആറെണ്ണം മാത്രമാണ് പെനൽറ്റി. അഞ്ച് ഹാട്രിക്കുകൾ. രാജ്യത്തിനായി അവസാന 14 കളിയിൽ 27 ഗോളാണ് അടിച്ചുകൂട്ടിയത്.
ഇംഗ്ലണ്ടാണ് ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ. ജയിച്ചാൽ വീണ്ടും മൈതാനത്ത് ഡ്രമ്മിൽ താളം വീഴും. ആൾക്കൂട്ടം റോ... യെന്ന് ഏറ്റുപാടും. നോർവെ വീണ്ടും മുഴങ്ങും.











0 comments