ഹാലണ്ട് ഒരുക്കി; പ്രീക്വാർട്ടറിലേക്ക് കുതിച്ച് നോർവെ

image credit: FIFA
ഡാലസ് : പൊരുതിക്കളിച്ച ഐവറികോസ്‌റ്റിനെ 2–1ന് തോൽപ്പിച്ച് എർലിങ് ഹാലണ്ടിന്റെ നോർവെ ലോകകപ്പ് ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ. അഞ്ച് തവണ ചാമ്പ്യൻമാരായ ബ്രസീലാണ് പ്രീ ക്വാർട്ടറിലെ എതിരാളി. ആറിന് പുലർച്ചെ 1.30നാണ് മത്സരം. കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ ഹാലണ്ട് നേടിയ ഗോളിലാണ് നോർവെ ജയം സ്വന്തമാക്കിയത്. ആദ്യഗോൾ അന്റോണിയോ നൂസ നേടി. തകർപ്പൻ ഗോളിലൂടെ അമാദ് ദിയാലോയാണ് ഐവറിയെ ഒപ്പമെത്തിച്ചത്.
കളിയിൽ നിയന്ത്രണം നേടിയെങ്കിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കാനാകാത്തത് ഐവറിയെ തളർത്തി. മറുവശത്ത്, നോർവെ പിൻവലിഞ്ഞുകളിച്ചു. നൂസയുടെ വളഞ്ഞിറങ്ങിയ ഗോളിലാണ് നോർവെ ഉണർന്നത്. പക്ഷേ, ഐവറി വിട്ടുകൊടുത്തില്ല. പകരക്കാരനായി എത്തിയ അമാദ് നോർവെ ബോക്‌സിലെ രണ്ട് പ്രതിരോധക്കാരെ മറികടന്നാണ് അടിതൊടുത്തത്. അധികസമയത്തേക്ക് നീങ്ങുകയായിരുന്ന മത്സരത്തെ ഹാലണ്ട് നോർവെയ്‌ക്ക് അനുകൂലമാക്കി. ലോകകപ്പിൽ അഞ്ച് ഗോളായി മാഞ്ചസ്‌റ്റർ സിറ്റി മുന്നേറ്റക്കാരന്. ഗോൾവേട്ടക്കാരിൽ രണ്ടാമൻ. ആറ് ഗോളുമായി ലയണൽ മെസിയാണ് ഒന്നാമത്.
നോർവേയ്‌ക്കായി 53 കളിയിൽ 60 ഗോളാണ് ഹാലണ്ടിന്. അവസാന 13 കളിയിൽ 25. പത്തൊന്പതുകാരൻ യാൻ ദിയോമാൻഡെ ഐവറിക്കായി പൊരുതി. മത്സരത്തിൽ 14 കോർണറുകളാണ് ആഫ്രിക്കൻ സംഘത്തിന് കിട്ടിയത്. നോർവേയ്‌ക്ക് മൂന്നും. ആകെ 14 ഷോട്ടും തൊടുത്തു. നോർവെ ഒന്പതെണ്ണവും.











0 comments