തോട്ടറപുഞ്ച മാസ്റ്റർപ്ലാൻ: 9ന് മന്ത്രി എത്തും

പിറവം
തോട്ടറപുഞ്ചയുടെ സമഗ്ര വികസന മാസ്റ്റർ പ്ലാൻ പ്രഖ്യാപനത്തിന് മുന്നോടിയായി ഒന്പതിന് കൃഷിമന്ത്രി ടി സിദ്ദിഖ് തോട്ടറപുഞ്ച സന്ദർശിക്കും. എറണാകുളം–കോട്ടയം ജില്ലകളിലായി 1200 ഏക്കറോളം വിസ്തൃതിയിലുള്ള തോട്ടറപുഞ്ചയിൽ നിലവിൽ പകുതിയോളം മാത്രമാണ് കൃഷിയിറക്കുന്നത്. വെള്ളൂർ പുലിമുഖത്തെ സ്ലൂയിസ് പുതുക്കിപ്പണിയുക, മോട്ടോറുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുക, മുഴുവൻ നെല്ലും സംഭരിക്കുക, മുഴുവൻ പ്രദേശവും കൃഷിയോഗ്യമാക്കാൻ സഹായമുറപ്പാക്കുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യം.
എടയ്ക്കാട്ടുവയലിൽ ചേർന്ന ആലോചനായോഗത്തിൽ വെള്ളൂർ, ആമ്പല്ലൂർ, മുളന്തുരുത്തി, കടുത്തുരുത്തി എന്നിവിടങ്ങളിലെ പഞ്ചായത്ത്–ബ്ലോക്ക് ജനപ്രതിനിധികൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ അധ്യക്ഷയായി.
കെ ജി രഞ്ജിത്, ജൂലിയ ജയിംസ്, തങ്കമ്മ വർഗീസ്, കുര്യാക്കോസ് തോട്ടത്തിൽ, സാജിത യൂസഫ്, ബെന്നി പൗലോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുര്യാക്കോസ് തോട്ടത്തിൽ, ബെന്നി കെ പൗലോസ് (വൈസ് ചെയർമാൻമാർ), കെ ആർ ജയകുമാർ (ജനറൽ കൺവീനർ), ബി ഇന്ദു (കൺവീനർ), സി ആർ ദിലീപ് കുമാർ, ബിനു പുത്തത്തുമ്യാലിൽ, എം എസ് സുചിത്ര, ടി ആര്‍ സ്വപ്ന (ജോയിന്റ് കൺവീനർമാർ).











0 comments