ആർഎസ്എസ് വേദിയിൽ ഉദ്ഘാടക കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്

ആർഎസ്എസ് വേദിയിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടകയായെത്തിയപ്പോൾ
മംഗലപുരം
ആർഎസ്എസ് വേദിയിൽ ഉദ്ഘാടകയായി കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്. തിരുവെള്ളൂർ വിവേകാനന്ദ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുമോദന യോഗത്തിലാണ് കോൺഗ്രസ് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ആർ അർച്ചന എത്തിയത്. പഞ്ചായത്ത് ഭരണം തുലാസിൽ നിൽക്കുന്നതിനിടെയാണ് ബിജെപിയുമായി പ്രസിഡന്റ് അവിശുദ്ധബന്ധം സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്ന് പ്രദേശത്തെ കോൺഗ്രസ് അംഗങ്ങൾ കെപിസിസിക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് സമയത്തും പ്രസിഡന്റിന്റെ ബിജെപി ഡീൽ വിവാദമായിരുന്നു. അതിന്റെ അലയൊലി അടങ്ങുംമുന്പാണ് ആർഎസ്എസ് വേദി പങ്കിടൽ. ബിഎസ്‌പി അംഗത്തെ വൈസ് പ്രസിഡന്റാക്കിയാണ് കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത്. എന്നാൽ, അധികാരമേറ്റ് മാസങ്ങൾക്കകം ഭരണം പ്രതിസന്ധിയിലായി. പ്രസിഡന്റ് തന്നിഷ്ടത്തിന് പ്രവർത്തിക്കുന്നതും കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിക്കാൻ സ്വന്തം ഇഷ്ടക്കാർക്ക് അനുമതി നൽകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുമായും പ്രസിഡന്റ് ഇടഞ്ഞു. ബജറ്റ് അവതരിപ്പിച്ച യോഗത്തിൽനിന്ന് സെക്രട്ടറി വിട്ടുനിന്നിരുന്നു. കഴിഞ്ഞയാഴ്ച കൃഷിമന്ത്രി ഉദ്ഘാടനം ചെയ്‌ത പരിപാടി വൈസ് പ്രസിഡന്റ് ബിപിൻ പള്ളിപ്പുറവും യുഡിഎഫ് അംഗം നിജാദും ബഹിഷ്‌കരിച്ചു. കോൺഗ്രസിന് എട്ടും എൽഡിഎഫിന് ഏഴും ബിഎസ്പിക്ക് ഒരംഗവുമാണ്. പഞ്ചായത്തിലെ ഭരണ പ്രതിസന്ധികാരണം വികസന പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നില്ല.










0 comments