അനധികൃത സ്ഥലംമാറ്റം: എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു

മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ-്ഇടിഒ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
ഭരണാനുകൂല സംഘടനാ നേതാക്കളുടെ പണപ്പിരിവ് ആവശ്യത്തെ എതിർത്ത ജീവനക്കാരിയെ പ്രതികാരനടപടിയുടെ ഭാഗമായി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥലംമാറ്റിയ നടപടിക്കെതിരെ എഫ്എസ്‌ഇടിഒ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനുമുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. പ്രതിഷേധസമരം സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി പി ഡിപിൻ സംസാരിച്ചു.
ഒരു മാസംമുമ്പ് സമ്മേളന ഫണ്ടിലേക്കായി എല്ലാ ജീവനക്കാരും 1,000 രൂപവീതം നൽകണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഭരണാനുകൂല സംഘടനാ നേതാക്കൾ നിർദേശിച്ചിരുന്നു. എന്നാൽ, വനിതാ ക്ലർക്കായ ശിവ സോമ പണം നൽകാൻ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് ഒന്നരവർഷം മാത്രം സർവീസ് പൂർത്തിയാക്കിയ ശിവ സോമയെ വടവുകോട് പുത്തൻകുരിശിലേക്ക് സ്ഥലംമാറ്റാൻ കാരണം. ഒരു തസ്‌തികയിൽനിന്ന് മൂന്ന് വർഷം പൂർത്തിയാകാതെ ജീവനക്കാരെ സ്ഥലംമാറ്റരുതെന്ന മാനദണ്ഡം ലംഘിച്ചാണ് നടപടി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനും എൻജിഒ യൂണിയൻ നേതാവുമായ എൻ ജി ബെന്നിയെ സർവീസ് അവസാനിക്കാൻ ഒരു വർഷംമാത്രം ബാക്കിയുള്ളപ്പോൾ വരാപ്പുഴയിലേക്ക് മാറ്റിയതും യൂണിയൻ പ്രവർത്തനത്തോടുള്ള പ്രതികാരനടപടിയാണെന്ന് നേതാക്കൾ പറഞ്ഞു. സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിക്കാത്തപക്ഷം സമരം ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.










0 comments