ad
Deshabhimani

അമൃതയുടെ 
 ‘കളർഫുൾ’ 
 കേരള സ്‌റ്റോറി

AMRITHA

അമൃത (ഇടത്ത്‌), അമൃത വരച്ച ചിത്രം

വെബ് ഡെസ്ക്

Published on Sep 17, 2026, 03:30 AM | 1 min read

കൊച്ചി


കേരളത്തിന്റെ കലാസങ്കൽപ്പങ്ങൾക്ക് ബ്രിട്ടന്റെ മണ്ണിൽ പുതിയ നിറവും രൂപവും നൽകി മാവേലിക്കര സ്വദേശിനി അമൃത ജലജ ദേവി. ഓർമകളും മനുഷ്യബന്ധങ്ങളും സ്വന്തം നാടും കുടിയേറ്റാനുഭവങ്ങളും വ്യക്തിത്വവും ക്യാൻവാസിലേക്ക് പകർത്തിയ അമൃത ബ്രിട്ടനിലെ സമകാലിക കലാരംഗത്ത് ശ്രദ്ധേയയാകുകയാണ്‌.


മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ചിത്രകലയിൽ ബിരുദം നേടിയ അമൃത, ബ്രിട്ടൻ ലെസ്റ്ററിലെ ഡി മോണ്ട്ഫോർട്ട് സർവകലാശാലയിൽ സമകാലിക കലാപ്രവർത്തനത്തിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി. അമൃതയുടെ കലാജീവിതത്തിലെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ് ബ്രിട്ടീഷ് കൗൺസിലിന്റെ ‘സ്‌റ്റഡി യുകെ ക്രിയേറ്റീവ്‌ കണക്‌ഷൻസ്‌ 2026’ പ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


ന്യൂഡൽഹിയിൽ നടന്ന പ്രദർശനത്തിൽ അമൃതയുടെ ‘ഷെയേർഡ്‌ സൈലൻസ്‌’ എന്ന ചിത്രമാണ് ഇടംനേടിയത്. 2024-ൽ അക്രിലിക് ഉപയോഗിച്ച് ക്യാൻവാസിൽ സൃഷ്ടിച്ച ഈ ചിത്രം വിശ്രമിക്കുന്ന മനുഷ്യരൂപങ്ങളിലൂടെ നിശബ്ദത, അടുപ്പം, ആശ്വാസം, മനുഷ്യബന്ധം തുടങ്ങിയ വികാരങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടനിലെ ഉപരിപഠനത്തിനായി അമൃതയ്ക്ക് ഗ്രേറ്റ്‌ സ്‌കോളർഷിപ് ഓഫറും ലഭിച്ചു.

കേരളത്തിന്റെ സാംസ്കാരിക ഓർമകളാണ് അമൃതയുടെ കലയുടെ പ്രധാന പ്രചോദനങ്ങളിലൊന്ന്. കൊച്ചി-–മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ ‘വരവഴികൾ’ പൊതു കലാപദ്ധതിയുടെ ഭാഗമായി ആലപ്പുഴ ലൈറ്റ് ഹൗസിനുസമീപം നടന്ന ചുവർച്ചിത്ര നിർമാണത്തിൽ അമൃത പങ്കെടുത്തിരുന്നു. ബ്രിട്ടനിലും വലിയ ചുവർച്ചിത്രങ്ങൾ ഒരുക്കാൻ അവസരങ്ങൾ ലഭിച്ചു. ലെസ്റ്ററിലെ ‘നയന്റീസ്‌ മിക്‌സ്‌ റെസ്‌റ്റോ ബാറി’നായി തയ്യാറാക്കിയ മ്യൂറൽ ഇതിൽ ശ്രദ്ധേയമാണ്.


കേരളീയ ജീവിതത്തിലെ പരിചിത ദൃശ്യങ്ങളും സാംസ്കാരിക അടയാളങ്ങളും പുതിയ സാഹചര്യത്തിൽ അവതരിപ്പിക്കുന്നതാണ് ഈ സൃഷ്ടിയുടെ പ്രത്യേകത.

ഓൺലൈൻ കലാപഠന ക്ലാസുകൾക്കൊപ്പം കമ്യൂണിറ്റി ആർട്ട് വർക്‌ഷോപ്പുകളിലും പൊതുചുവർച്ചിത്ര പദ്ധതികളിലും വിവിധ കലാസ്ഥാപനങ്ങളുമായുള്ള സഹകരണ പ്രവർത്തനങ്ങളിലും അമൃത സജീവമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home