നൂറ്റാണ്ട് പിന്നിട്ട ജിഞ്ചർ സോഡ

പച്ചാളം കെകെവി കൂൾബാറിൽ സർബത്ത് തയ്യാറാക്കുന്ന ജീവനക്കാർ
കൊച്ചി
നഗരം അടിമുടി മാറിയെങ്കിലും പച്ചാളം കെകെവി കൂൾബാറിന് കാര്യമായ മാറ്റമില്ല. ഇവിടത്തെ ജിഞ്ചർ സോഡയ്ക്കും ഗോലി സോഡയ്ക്കും നറുനീണ്ടി സർബത്തിനുമുണ്ട് നൂറ്റാണ്ടിന്റെ ചരിത്രം. 1926ൽ ആരംഭിച്ച കടയിൽ പഴമയുടെ പുതുരുചികൾതേടി നിരവധിപേരാണ് ഇന്നും എത്തുന്നത്. ഗോലി സോഡയിലേക്ക് ഇഞ്ചി, കുരുമുളക്, ജീരകം, ഗ്രാന്പു, ജാതിക്ക, പാൽക്കായം എന്നിവ ചേർത്തുള്ള പ്രത്യേക സിറപ്പ് ചേർത്ത് തയ്യാറാക്കുന്ന ജിഞ്ചർസോഡ തേടിയാണ് കൂടുതൽപേർ എത്തുന്നത്.
നറുനീണ്ടി, ഏലയ്‌ക്ക, പഞ്ചസാര, കറുവപട്ട, ഗ്രാന്പു എന്നിവ ചേർത്തുള്ള നറുനീണ്ടി സർബത്തിനും ആവശ്യക്കാർ ഏറെയാണ്. സർബത്ത്– 20 രൂപ, സോഡാ സർബത്ത്– 25, ജിഞ്ചർ സോഡാ സർബത്ത്– 35, മിൽക്ക് സർബത്ത്– 45, ബൂസ്റ്റ് മിൽക്ക് സർബത്ത്– 55, മുന്തിരി ഗോലി സോഡ, ഓറഞ്ച് ഗോലി സോഡ, മാങ്കോ ഗോലി സോഡ, ഫ്രൂട്ട് ബിയർ ഗോലി സോഡ, കോള ഗോലി സോഡ എന്നിവയ്ക്ക് 40 രൂപവീതമാണ്. ഓറഞ്ച്, മാങ്ങ, പൈനാപ്പിൾ, മുന്തിരി, പേരയ്ക്ക എന്നിവയുടെ സ്‌ക്വാഷ് ചേർത്തുള്ള സർബത്തുമുണ്ട്.
മെഷീനിൽ കൈകൊണ്ട് കറക്കി തയ്യാറാക്കുന്ന ഗോലി സോഡ നാട്ടിൽ അധികം കിട്ടാനില്ല. 75 വർഷംമുന്പ് സ്ഥാപിച്ച യന്ത്രം ഉപയോഗിച്ചാണ് സോഡ നിർമാണം. ഒരേസമയത്ത് മൂന്ന് സോഡ ഇത്തരത്തിലുണ്ടാക്കാം. തിരക്കുള്ളപ്പോൾ ആധുനിക യന്ത്രസഹായത്തോടെയും സോഡ ഉണ്ടാക്കാറുണ്ട്. പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് ഐസ് നിർമിക്കുന്നത്.
പച്ചാളം സ്വദേശി വാസുവാണ് നൂറുവർഷംമുന്പ് കട തുടങ്ങിയത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ പവിത്രൻ ഏറ്റെടുത്തു.
രണ്ടുവർഷംമുന്പ് പവിത്രൻ മരിച്ചു. തുടർന്ന് മകളുടെ ഭർത്താവ് സുജിത്താണ് നടത്തുന്നത്. സഹായത്തിന് ഏഴ് ജീവനക്കാരുമുണ്ട്. പച്ചാളം മാർക്കറ്റിനുസമീപമാണ് കട. രാവിലെ ഒന്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനസമയം. എറണാകുളം മാർക്കറ്റ് റോഡിൽ ആറുമാസംമുന്പ് പുതിയ ഒൗട്ട്‌ലെറ്റ് തുറന്നിട്ടുണ്ട്.









0 comments