ഇന്ന് നവതി ദീപക്കാഴ്‌ച
ദേശീയ കാവ്യോത്സവത്തിന് നാളെ തുടക്കം

കൊച്ചി
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവം വെള്ളിയാഴ്ച ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിൽ ആരംഭിക്കും. ചങ്ങന്പുഴ കൃഷ്‌ണപിള്ളയുടെ രമണൻ, വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാന്പഴം, ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം എന്നീ കവിതകളുടെ 90–ാം വാർഷികാഘോഷമാണ് 18, 19, 20 തീയതികളിലായി സംഘടിപ്പിച്ചിട്ടുള്ള ദേശീയ കാവ്യോത്സവം. രാവിലെ 9.30ന് ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ മകൾ ലളിത ചങ്ങമ്പുഴ പതാക ഉയർത്തും. തമിഴ് കവി കുട്ടി രേവതി കാവ്യോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ കെ ജയകുമാർ അധ്യക്ഷനാകും.
പകൽ രണ്ടിന് ബഹുഭാഷാ കവിയരങ്ങ് കന്നട കവി ഡോ. എച്ച് എൽ പുഷ്പ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ വി രാമകൃഷ്ണൻ അധ്യക്ഷനാകും. 4.30 മുതൽ 5.30 വരെ കുട്ടി രേവതിയും കവി ബിനു കരുണാകരനുമായി സർഗസംവാദം നടത്തും. തുടർന്ന് സുനിൽ പി ഇളയിടം ‘വൈലോപ്പിള്ളി: കവിതയിലെ ലോക വൈരുധ്യങ്ങൾ' വിഷയത്തിൽ പ്രഭാഷണം നടത്തും. 6.45ന് നർത്തകി സിത്താര ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘രസസഞ്ചാര' അരങ്ങേറും.
ശനി രാവിലെ ‘കവിതയും ജനതയും' വിഷയത്തിൽ സെമിനാർ നടക്കും. പകൽ രണ്ടിന് കവിസമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. എസ് കലേഷ് അധ്യക്ഷനാകും. തുടർന്ന് ചങ്ങമ്പുഴ പാർക്കിലെ ആറ് ഇടങ്ങളിലായി കവിക്കൂട്ടങ്ങൾ നടക്കും. വൈകിട്ട് 5.30ന് ‘ചങ്ങമ്പുഴ കവിതയും മലയാള ജീവിതവും' വിഷയത്തിൽ കവി പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും.
ഞായർ രാവിലെ 10ന് ‘ലോകകവിതയും മലയാളഭാവനയും' വിഷയത്തിൽ സെമിനാർ. പകൽ രണ്ടിന് കവിസമ്മേളനം പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. ഡോ. മ്യൂസ് മേരി അധ്യക്ഷയാകും. 5.30ന് സമാപനസമ്മേളനം കന്നട എഴുത്തുകാരൻ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനാകും.
ദീപം തെളിക്കൽ ഇന്ന്
കാവ്യോത്സവത്തിന്റെ വിളംബരമായി കലൂർ വൈലോപ്പിള്ളി പാർക്ക്, ഇടപ്പള്ളി ചങ്ങമ്പുഴ സ്മൃതിമണ്ഡപം, പോണേക്കര ഇടപ്പള്ളി രാഘവൻപിള്ള സ്മാരക കേന്ദ്രം എന്നിവിടങ്ങളിൽ വ്യാഴം വൈകിട്ട് ആറിന് ദീപക്കാഴ്ച ഒരുക്കും. ലൈബ്രറികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിലാണ് നവതി ദീപം തെളിക്കൽ. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ്, സെക്രട്ടറി പി ജി സജീവ്, ഡി ആർ രാജേഷ്, എ കെ ശിവദാസൻ, ടി വി ഷൈവിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments