ദേശാഭിമാനി പത്രപ്രചാരണം; സെമിനാറുകൾക്ക് തുടക്കം
കേന്ദ്ര ഏജൻസികളുടെ കേട്ടെഴുത്തുകാരായി മാധ്യമങ്ങൾ മാറി: എം ബി രാജേഷ്

സിപിഐ എം തൃപ്പൂണിത്തുറ ഏരിയകമ്മിറ്റി ‘മാധ്യമങ്ങളുടെ പക്ഷം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേട്ടെഴുത്തുകാരായി മാധ്യമങ്ങൾ മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ്. മാധ്യമപ്രവർത്തനം യഥാർഥത്തിൽ സത്യാന്വേഷണമാണ്. എന്നാൽ ചോദിക്കേണ്ട ചോദ്യംവരെ ഇഡി ഉദ്യോഗസ്ഥർ വാട്‌സാപ്പ് ചെയ്‌ത് നൽകുകയാണെന്ന് ഒരു ടെലിവിഷൻ അവതാരകൻതന്നെ അടുത്തിടെ തുറന്നുപറഞ്ഞു. നമ്മുടെ ഉള്ളംകൈയ്യിൽ നുണകൾ വന്നുവീഴുന്ന കാലമാണിതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.
ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സിപിഐ എം സംഘടിപ്പിക്കുന്ന മാധ്യമ സെമിനാറുകൾക്ക് തുടക്കംകുറിച്ച് തൃപ്പൂണിത്തുറയിൽ ‘മാധ്യമങ്ങളുടെ പക്ഷം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടർ ചാനലിന്റെ വാർത്താമുറിയിൽ പൊലീസ് കയറിയത് ഭയത്തിന്റെ സന്ദേശം നൽകാനാണ്. മാധ്യമ ഉടമയ്‌ക്ക് എതിരായി കേസുണ്ടെങ്കിൽ അവിടെ ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ഫോൺ വാങ്ങിവയ്‌ക്കുന്നത് എന്തിനാണ് ?.
മാധ്യമപ്രവർത്തകർക്കുനേരെ പരാതികളും കേസുകളും ഇല്ലെന്നിരിക്കെയാണ് ഇൗ നടപടി. അടിയന്തരാവസ്ഥയിലേയ്‌ക്ക് എങ്ങിനെയാണോ ഇന്ത്യ ഉണർന്നത് അതുപോലെയാണ് ബുധനാഴ്‌ച കേരളം ഉണർന്നത് – എം ബി രാജേഷ് പറഞ്ഞു.
‘മര്യാദയ്‌ക്ക് സംസാരിച്ചില്ലെങ്കിൽ നിങ്ങളെ തേടി പൊലീസ് വരും’ എന്ന സന്ദേശമാണ് അവർ നൽകുന്നത്. 12 വർഷമായി നരേന്ദ്ര മോഡി സർക്കാർ ഇന്ത്യയിൽ ഇതാണ് ചെയ്യുന്നത്. അത് കേരളത്തിൽ നടപ്പിലാക്കാനാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. നിരവധി മാധ്യമപ്രവർത്തകരെയാണ് മോഡി സർക്കാർ ജയിലിലിട്ടത്. മാധ്യമങ്ങൾക്കെതിരെയുള്ള ആക്രമണം ജനാധിപത്യത്തിനെതിരെയുള്ളതാണ്. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ ബ്രിട്ടീഷുകാർ കൈകാര്യം ചെയ്‌തതുപോലെയാണ് മോഡിയും വി ഡി സതീശനും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
സി എൻ സുന്ദരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, ഏരിയ സെക്രട്ടറി പി വാസുദേവൻ, എം സി സുരേന്ദ്രൻ, എം പി ഉദയൻ, സി ഡി നന്ദകുമാർ, ഓമന ധർമൻ, എസ് മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിലാണ് വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സെമിനാറുകൾ നടക്കുക.









0 comments