ട്രഷറി വകുപ്പിൽ പ്രമോഷൻ നടപ്പാക്കണം; ജീവനക്കാർ പ്രതിഷേധിച്ചു

ട്രഷറി വകുപ്പിൽ പ്രമോഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ ട്രഷറിയിൽ നടത്തിയ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ട്രഷറി വകുപ്പിൽ മുടങ്ങിക്കിടക്കുന്ന പ്രമോഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം, മൂവാറ്റുപുഴ ജില്ലാ ട്രഷറികൾക്ക് മുന്നിൽ എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധ പ്രകടനം നടത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടിട്ടും ഏപ്രിൽ മുതൽ വിരമിക്കൽ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉണ്ടായ ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകാത്തത് ജീവനക്കാരെയും വകുപ്പിന്റെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആകെ നാല് ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ മൂന്നും രണ്ട് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ ട്രഷറി ഓഫീസർ നാല്, അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ ഒന്ന്, സബ് ട്രഷറി ഓഫീസർ/സീനിയർ സൂപ്രണ്ട്/സ്റ്റാമ്പ് ഡിപ്പോ ഓഫീസർ 24, ജൂനിയർ സൂപ്രണ്ട് 13, സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ് നാല്, സീനിയർ അക്കൗണ്ടന്റ് 18 എന്നീ തസ്തികകൾക്ക് പുറമെ ജൂനിയർ അക്കൗണ്ടന്റ്, യുഡി ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്.
എറണാകുളം ജില്ലാ ട്രഷറിക്ക് മുന്നിലെ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിലെ പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് ദാമോദരൻ, കെജിഒഎ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി വി എൻ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.









0 comments