അജിമോൾ പകര്‍ന്ന പ്രതീക്ഷ

ഡോ. അജിമോൾ പ്രദീപ്
കൊച്ചി
അവയവമാറ്റ ചികിത്സാരംഗത്ത് വിപ്ലവകരമായ ചുവടുവയ്പുകള്‍ നടത്തി ‘ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് അവാർഡ് 2026' കരസ്ഥമാക്കിയിരിക്കുകയാണ് യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശി ഡോ. അജിമോൾ പ്രദീപ്. 2.5 ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 2.5 കോടി രൂപ)യാണ് സമ്മാനത്തുകയായി ലഭിച്ചത്. യുകെയിൽ അവയവദാനരംഗത്ത് അസമത്വങ്ങള്‍ പരിഹരിക്കാനും ഏഷ്യൻ വംശജര്‍ക്ക് കൃത്യമായ പരിചരണം ഉറപ്പാക്കാനുമായി അജിമോൾ ‘ഉപഹാര്‍' ട്രസ്‌റ്റ് രൂപീകരിച്ച് പതിനായിര-ത്തിലധികം മൂലകോശദാതാക്കളെ രജിസ്റ്റര്‍ചെയ്യിച്ചത് ഉള്‍പ്പെടെ പരിഗണിച്ചാണ് പുരസ്‌കാരം.
ഡോ. അജിമോൾ പ്രദീപ് ദേശാഭിമാനിയുമായി സംസാരിക്കുന്നു...
ഏഷ്യൻവംശജര്‍ നേരിടുന്ന വിവേചനം
അവയവമാറ്റ ചികിത്സാരംഗത്ത് ഏഷ്യൻവംശജര്‍ വിവേചനം നേരിടുന്നുവെന്നുപറയുന്നത് ശരിയല്ല. അനുയോജ്യരായ ദാതാക്കളെ കിട്ടാത്തതാണ് അവരുടെ അവയവമാറ്റം നീണ്ടുപോകാനുള്ള പ്രധാന കാരണം. ഏഷ്യന്‍വംശജരായ അവയവദാതാക്കള്‍ ഇല്ലാത്തതാണ് കാരണമെന്ന് ഞാന്‍ മനസ്സിലാക്കി. ഈ പ്രതിസന്ധി പരിഹരിക്കാൻ പിഎച്ച്ഡി ഗവേഷണത്തിലൂടെയും സാമൂഹിക–-മതനേതാക്കളെ നേരിട്ടുകണ്ടും ബോധവൽക്കരണം നടത്തി.
ഉപഹാര്‍ പദ്ധതി
രക്താര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ വിവരങ്ങള്‍ അറിഞ്ഞാണ് മൂലകോശദാതാക്കളെ തേടിയിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് 2014ല്‍ ‘ഉപഹാർ' പദ്ധതി ആരംഭിക്കുന്നതും. ഇതിലൂടെ 10,000-ത്തിലധികം മൂലകോശദാതാക്കളെ രജിസ്റ്റർ ചെയ്യിക്കാനായി. കൃത്യമായ ബോധവല്‍ക്കരണം നല്‍കുകയെന്നതാണ് പ്രധാനം. തുടക്കത്തില്‍ 10 വളന്റിയര്‍മായിരുന്നു. ഇപ്പോഴത് 100ല്‍ എത്തിനില്‍ക്കുന്നു.
സമ്മാനത്തുക എങ്ങനെ വിനിയോഗിക്കും
സമ്മാനത്തുകയുടെ ഭൂരിഭാഗവും അവയവദാനവുമായി ബന്ധപ്പെട്ടുള്ള അവബോധം ലോകവ്യാപകമായി എത്തിക്കുന്നതിനും നഴ്സുമാരുടെ പുരോഗതിക്കായും വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകത്ത് എല്ലായിടത്തെയും നഴ്സുമാരുടെ പാഠ്യക്രമത്തിൽ വ്യത്യാസമുണ്ട്. പല രീതിയിലാണ് അവര്‍ പഠിക്കുന്നത്. നഴ്സസ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ആഗോളതലത്തിൽ ഒരു പാഠ്യക്രമം കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്.









0 comments