30 ദിവസം 23 മരണം: അനക്കമില്ലാതെ സര്‍ക്കാര്‍

"സർക്കാരേ, ഇത് കാണുന്നില്ലേ കളമശേരി നഗരസഭയിൽ സീപോർട്ട് എയർപോർട്ട് റോഡ് കടന്നുപോകുന്ന ഭാഗത്ത് വഴിയരികിൽ തള്ളിയിരിക്കുന്ന മാലിന്യം ചൂണ്ടിക്കാണിക്കുന്ന വഴിയാത്രക്കാരൻ. പനിയും മറ്റു പകർച്ചവ്യാധികളും പടരുമ്പോഴും മാസങ്ങളായി കുന്നുകൂടിയ മാലിന്യം നീക്കാൻ നഗരസഭയോ സർക്കാർ വകുപ്പുകളോ തയ്യാറാകുന്നില്ല. ചിത്രം / വി കെ അഭിജിത്

സ്വന്തം ലേഖകൻ
Published on Jul 01, 2026, 02:46 AM | 2 min read
കൊച്ചി
സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയ്ക്കുണ്ടായ അനാസ്ഥമൂലം ജില്ലയില്‍ ഒരുമാസത്തിനിടെ വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചത് 23 പേര്‍. എച്ച്1എന്‍1 ബാധിച്ച് അഞ്ചുപേരാണ് മരിച്ചത്. എലിപ്പനി ബാധിച്ച് നാലും വെസ്റ്റ്നൈല്‍ പനിബാധിച്ച് രണ്ടും ഡെങ്കിബാധിച്ച് രണ്ടും പനിബാധിച്ച് നാലും ഇന്‍ഫ്ലുവന്‍സ രോഗങ്ങള്‍ ബാധിച്ച് രണ്ടും ശ്വാസകോശ അണുബാധയാല്‍ രണ്ടും മസ്തിഷ്കജ്വരം, വയറിളക്കം എന്നിവ ബാധിച്ച് ഓരോ മരണവും ജില്ലയിലുണ്ടായി. 27ന് മരിച്ച രണ്ടുപേരില്‍ ഒരാളുടെ മരണം ശ്വാസകോശ അണുബാധയാലും മറ്റൊന്ന് എലിപ്പനിമൂലമാണെന്നും സ്ഥിരീകരിച്ചു.
പനിച്ചുവിറച്ച് ജില്ല
26,738 പേരാണ് ജൂണില്‍ പനിബാധിതരായത്. ജൂണ്‍ ആദ്യദിവസം 590 പേര്‍മാത്രമാണ് പനിബാധിതരെങ്കില്‍ 10 ദിവസത്തിനകം പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം ജനം വരിനിന്ന് വലഞ്ഞു. മൂക്കന്നൂരില്‍ ജയന്‍ എന്ന പനിബാധിതന്‍ കുഴഞ്ഞുവീണ് മരിച്ചു. ജില്ലയില്‍ മലമ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു.
വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവും വ്യാപകമായി. 6092 പേര്‍ക്കാണ് വയറിളക്കരോഗം ബാധിച്ചത്. രോഗബാധിതനായ കടുങ്ങല്ലൂരില്‍ നാല് വയസ്സുള്ള കുഞ്ഞ് മരിച്ചു. 84 പേര്‍ക്ക് ഗുരുതര മഞ്ഞപ്പിത്തമുണ്ടായി. 319 പേര്‍ക്ക് ഡെങ്കി ബാധിച്ചു. ഷിഗല്ല പോലുള്ള മാരകരോഗങ്ങളും കോവിഡും സ്ഥിരീകരിച്ചു.
ജീവനെടുക്കുന്ന അനാസ്ഥ
പനിയും ഇന്‍ഫ്ലുവന്‍സയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ രോഗങ്ങളും പരിസരശുചിത്വമില്ലായ്മ, മാലിന്യനിര്‍മാര്‍ജനത്തിലെ പാളിച്ച എന്നിവകൊണ്ടുണ്ടായതാണ്. മഴക്കാലപൂര്‍വ ശുചീകരണം ഈവര്‍ഷം താളംതെറ്റി. 2026-ൽ മൺസൂൺ എത്തിയത് ജൂൺ നാലിനാണെങ്കിലും മഴയുടെ അളവ് കുറഞ്ഞു. എന്നിട്ടും പൊതുയിടങ്ങള്‍ ശുചീകരിക്കാനോ രോഗപ്രതിരോധപ്രവര്‍ത്തനം നടത്താനോ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറായില്ല. ജില്ലയിലെ പ്രധാന ഇടങ്ങളില്‍പ്പോലും മാലിന്യം കുന്നുകൂടി. കളമശേരി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ മാലിന്യക്കുന്പാരമായി. ഒരാഴ്ചയ്‌ക്കകം ഇത് നീക്കം ചെയ്യുമെന്നാണ് കളമശേരി നഗരസഭാ അധ്യക്ഷന്റെ വാദം. ഹൈക്കോടതി പരിസരം, മറൈന്‍ഡ്രൈവ്, എന്‍എച്ച് 66 കടന്നുപോകുന്ന പ്രദേശങ്ങള്‍ തുടങ്ങി ജി സ്മാരകത്തിന്റെ മുറ്റത്തുപോലും മാലിന്യം തള്ളിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ജില്ലയില്‍ നിരന്തരം പകര്‍ച്ചവ്യാധിമരണം ഉണ്ടായിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനോ നിര്‍ദേശം നല്‍കാനോ മുഖ്യമന്ത്രിയുള്‍പ്പെടെ നാലു മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല.
ജൂണില്‍ പകര്‍ച്ചവ്യാധി, അനുബന്ധരോഗങ്ങള്‍മൂലം മരിച്ചവര്‍
02ന്: വെങ്ങോല സ്വദേശി– - പനി – ഗോതുരുത്ത് സ്വദേശി– എച്ച്1എന്‍1
03: കുത്താപ്പാടി സ്വദേശിനി– - എച്ച്1 എൻ1.
04: കടുങ്ങല്ലൂർ, 4 വയസ്സുകാരൻ -വയറിളക്കം.
05: പറവൂർ കിഴക്കേപ്രം സ്വദേശിനി–- വെസ്റ്റ്നൈൽ പനി.
08: കടുങ്ങല്ലൂർ സ്വദേശി– -
വെസ്റ്റ്നൈൽ പനി
09: കുമ്പളങ്ങി സ്വദേശി– - എലിപ്പനി.
09: എറണാകുളം, മലേഷ്യൻ പൗരൻ– -ഡെങ്കിപ്പനി.
09: പെരുമ്പാവൂർ സ്വദേശി– -ഇൻഫ്ലുവൻസ അനുബന്ധരോഗം.
09: കടവന്ത്ര സ്വദേശിനി–- എച്ച്1 എൻ1.
10: നേര്യമംഗലം സ്വദേശി– - ശ്വാസകോശ അണുബാധ.
10: കോതമംഗലം സ്വദേശി– -ഇൻഫ്ലുവൻസ
13: മൂക്കന്നൂർ സ്വദേശി– -പനി.
14: ഏഴിക്കര സ്വദേശി– - മസ്തിഷ്കജ്വരം.
14: പെരുമ്പാവൂര്‍ സ്വദേശിനി– പനി
15: ഊന്നുകൽ ഉപ്പുകുളം സ്വദേശിനി–- ഡെങ്കിപ്പനി.
17: കീഴ്മാട് സ്വദേശി– എച്ച്1 എന്‍1
18: പാണംകുഴി സ്വദേശി-– പനി.
20: എരൂര്‍ സ്വദേശി– എലിപ്പനി.
25: കരുമാല്ലൂര്‍ സ്വദേശി– എലിപ്പനി.
25: പിണ്ടിമന ആയക്കാട് സ്വദേശി– എച്ച്1 എന്‍1.
27: ഏലൂര്‍ സ്വദേശിനി– ശ്വാസകോശ അണുബാധ.
27: ഫോര്‍ട്ട് കൊച്ചി സ്വദേശി– എലിപ്പനി.










0 comments