print edition വെബ്‌സൈറ്റ് തകരാറിൽ: പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസ് ബുക്കിങ് തടസ്സപ്പെട്ടു

അഞ്‌ജുനാഥ്
Published on Jul 01, 2026, 01:48 AM | 1 min read
ആലപ്പുഴ : പൊതുമരാമത്തുവകുപ്പിന്റെ റെസ്‌റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യുന്ന വെബ്‌സൈറ്റ് രണ്ടാഴ്‌ചയായി തകരാറിൽ. ബുക്കിങ് നടക്കാത്തതിനാൽ സംസ്ഥാനത്തിന് വൻ തോതിലുള്ള സാന്പത്തിക നഷ്‌ടമാണുണ്ടാകുന്നത്. എൽഡിഎഫ് സർക്കാർ റസ്‌റ്റ് ഹൗസുകളിൽ മുറി ബുക്കുചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് വലിയ വിജയമായിരുന്നു. ബുക്കിങ്ങിനായുള്ള വെബ്‌സൈറ്റ് ഉപയോഗിക്കാനും എളുപ്പം. ബുക്ക് ചെയ്‌തവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ജീവനക്കാർക്ക് വെബ്‌സൈറ്റിൽ ലഭ്യമായിരുന്നതിനാൽ തുടർജോലികളും സുഗമമായി.
എന്നാൽ, യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഓൺലൈൻ ബുക്കിങ് തകിടംമറിഞ്ഞു. വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാനെന്നപേരിൽ നിയന്ത്രണം കൊണ്ടുവന്നു. പൊതുമരാമത്തുമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. ഇതോടെ 17 മുതൽ സൈറ്റ് പണിമുടക്കി. ഇപ്പോൾ ആർക്കും ഓൺലൈനിൽ ബുക്ക് ചെയ്യാനോ ജീവനക്കാർക്ക് വിവരങ്ങൾ അറിയാനോ വഴിയില്ല.
ഭരണകക്ഷിക്ക് ‘വേണ്ടപ്പെട്ടവരെ’ സഹായിക്കാനാണ് നടപടിയെന്ന ആക്ഷേപം ശക്‌തമാണ്. ആസൂത്രിതമായി ഓൺലൈൻ സംവിധാനം തകർക്കലാണ് ലക്ഷ്യം. ഞായറാഴ്‌ചമുതൽ സൈറ്റ് ശരിയാകുമെന്ന് അധികൃതർ അറിയിച്ചെങ്കിലും -ഫലമുണ്ടായില്ല. എൽഡിഎഫ് കാലത്ത് ജീവനക്കാർക്ക് പരിശീലനമുൾപ്പെടെ നൽകിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അപ്‌ഡേഷന്റെ പേരിൽ ഇതുവരെ പരിശീലനമൊന്നും ഒരുക്കിയിട്ടില്ല.
ജില്ലാ ആസ്ഥാനങ്ങളിലെ റെസ്‌റ്റ് ഹൗസുകളിൽ ലക്ഷങ്ങളായിരുന്നു എൽഡിഎഫ് കാലത്തെ പ്രതിദിന വരുമാനം. ഇതാണ് ‘വേണ്ടപ്പെട്ടവരെ’ സഹായിക്കുന്നതിന്റെ പേരിൽ യുഡിഎഫ് ഇല്ലാതാക്കുന്നത്.











0 comments