സർക്കാർ ബിജെപിക്ക് മുന്നിൽ മുട്ടുമടക്കുന്നു: ഐസക്

എം എ അലിയാർ അനുസ്മരണം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു.
കായംകുളം
ബിജെപിക്ക് തോറ്റുകൊടുക്കുന്ന സർക്കാരായി യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള ഡീൽ ഭരണത്തിലും തുടരുകയാണ്. പി എം ശ്രീ പദ്ധതി നടപ്പാക്കുമെന്ന സർക്കാർ തീരുമാനവും ഈ ഡീലിന്റെ ഭാഗമാണ്. ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളിൽ മോദിയുടെ ചിത്രം വയ്ക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി തന്നെവ്യക്തമാക്കി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്ന എം എ അലിയാരുടെ അഞ്ചാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പത്തിയൂരിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാഹുകാരെ സർവകലാശാലകളുടെ വൈസ് ചാൻസലറായി ഗവർണർ നിയമിച്ചപ്പോഴും സംസ്ഥാന സർക്കാർ ഒരക്ഷരം മിണ്ടിയില്ല. എൽഡിഎഫ് കേരളത്തിലെ 10 ലക്ഷത്തോളം സ്ത്രീകൾക്ക് നൽകി വന്ന ആനുകൂല്യം ഇൗ സർക്കാർ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിരി കൊണ്ടൊന്നും കേരളത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് ആറ് മാസത്തിനുള്ളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തിയൂർ ജങ്ഷനിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് അധ്യക്ഷനായി. കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ, പി ഗാനകുമാർ, ഷെയ്ക് പി ഹാരീസ്, ഏരിയാ സെക്രട്ടറി ബി അബിൻഷാ, പി അരവിന്ദാക്ഷൻ, എസ് നസിം, വി പ്രഭാകരൻ,എസ് ഗോപിനാഥൻപിള്ള, വി മുരളീധരൻ , ആർ രാജേഷ്, എസ് സുഭാഷ് എന്നിവർ സംസാരിച്ചു. അനുസ്മരണറാലിയും നടന്നു. എം എ അലിയാരുടെ വീട്ടിൽ ഛായാചിത്രത്തിന് മുന്നിൽ ജില്ലാ സെക്രട്ടറി ആർ നാസർ പുഷ്പാർച്ചന നടത്തി.











0 comments