print edition ഇരുട്ടടി തുടരും; ഉയർന്ന വിലയ്‌ക്ക് വൈദ്യുതി


സ്വന്തം ലേഖകൻ
Published on Jul 01, 2026, 01:52 AM | 1 min read
തിരുവനന്തപുരം : കെഎസ്‌ഇബി ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നതിന് സാഹചര്യമൊരുങ്ങിയത് ആസൂത്രണത്തിലെ പാളിച്ച. കാലവർഷത്തിന്റെ ചാഞ്ചാട്ടം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതില്‍ വൈദ്യുതിബോര്‍ഡിനും സര്‍ക്കാരിനും പിഴച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇൗ സാഹചര്യത്തിൽ ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ ബോർഡ് ഏറെ താൽപ്പര്യം കാട്ടുകയാണ്. ഇതിന് റെഗുലേറ്ററി കമീഷൻ അനുമതിയും നൽകി. ലോഡ് ഷെഡിങ് ഒഴിവാക്കാനാവശ്യമായ വൈദ്യുതി ലഭ്യത കരാറിൽ ഉറപ്പാക്കിയിട്ടുമില്ല. കൂടിയവില നൽകേണ്ടി വരുന്നതുമൂലമുള്ള അധികഭാരം ഉപഭോക്താക്കളുടെമേൽ അടിച്ചേൽപ്പിക്കുന്പോൾ വൈദ്യുതി ഉൽപ്പാദകരായ സ്വകാര്യ കന്പനികൾക്കാണ് നേട്ടം.
യൂണിറ്റിന് ശരാശരി 9.16 രൂപ നിരക്കിൽ 308.43 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഡീപ് പോർട്ടലിൽനിന്ന് വാങ്ങാനുള്ള ഹ്രസ്വകാല കരാറിനാണ് റെഗുലേറ്ററി കമീഷന്റെ അനുമതി. 2026–27 സാന്പത്തിക വർഷം ശരാശരി 4.64 രൂപയ്‌ക്ക് വൈദ്യുതി വാങ്ങാനായിരുന്നു നേരത്തെ അനുവാദം നൽകിയത്. സെപ്‌തംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർവരെയുള്ള കരാറിനാണ് അനുമതി. സെപ്‌തംബറിൽ യൂണിറ്റിന് 15 രൂപയാണ് വിതരണക്കന്പനികൾ ആവശ്യപ്പെടുന്നത്. മണികരൺ പവർ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, ശ്രീ സിമന്റ് ലിമിറ്റഡ്, പിടിസി ഇന്ത്യ ലിമിറ്റഡ് എന്നിവയുമായാണ് കരാർ. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സമയബന്ധിതമായി സ്ഥാപിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സൗരോർജം സംഭരിച്ച് വൈദ്യുതി ഉപയോഗം കൂടിയ രാത്രികാലങ്ങളില്‍ നൽകാനാണ് ബെസ്. ഒക്‌ടോബർ മുതൽ ബെസിന്റെ ശേഷി ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ.











0 comments