print edition ജയ് യുണൈറ്റഡ്

photo credit: Manchester United X
ലണ്ടൻ: മാഞ്ചസ്‌റ്റർ യുണൈറ്റഡ് കുതിപ്പ് തുടരുന്നു. പകരക്കാരൻ ബെഞ്ചമിൻ സെസ്‌കോയുടെ ഉഗ്രൻ ഗോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ എവർട്ടണെ തോൽപ്പിച്ചു (1–0). അവസാന ആറ് കളിയിൽ അഞ്ചിലും ജയിച്ചാണ് മുന്നേറ്റം. 27 മത്സരത്തിൽ 48 പോയിന്റുമായി നാലാം സ്ഥാനത്താണ്. ആദ്യ നാലിൽ ഇടംപിടിച്ച് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക എന്നതാണ് പ്രധാന ലക്ഷ്യം. 11 റൗണ്ട് പോരാട്ടമാണ് ബാക്കിയുള്ളത്. 28 മത്സരത്തിൽ 61 പോയിന്റുള്ള അഴ്‌സണലാണ് ലീഗിൽ ഒന്നാമത്. മൈക്കേൽ കാരിക്ക് പരിശീലക ചുമതലയേറ്റശേഷം സ്ഥിരതയുള്ള യുണൈറ്റഡാണ് കളത്തിൽ. എല്ലാ നിരയും മെച്ചപ്പെട്ടു.
പിഴവുകൾ പരിഹരിച്ച് ഓരോ മത്സരം കഴിയുംതോറും വീര്യം കൂടുന്ന സംഘം.
എവർട്ടണെതിരെ അവരുടെ തട്ടകത്തിൽ പരിഭ്രമമില്ലാതെയാണ് കളിച്ചത്. 71–ാം മിനിറ്റിലായിരുന്നു വിജയഗോൾ. ഒന്നാന്തരമൊരു പ്രത്യാക്രമണമായിരുന്നു. യുണൈറ്റഡ് ബോക്‌സിന് മുന്നിൽനിന്ന് മതേയൂസ് കൂന്യ നീട്ടിനൽകിയ പാസ് ബ്രയാൻ എംബെയുമോയ്‌ക്ക് പാകത്തിലായിരുന്നു. അതിവേഗം ഓടിയ ഇൗ കാമറൂണുകാരൻ എതിർഗോൾമുഖത്ത് നിന്ന് പന്ത് സെസ്‌കോയ്‌ക്ക് നൽകി.
യുണൈറ്റഡ് ഗോൾമുഖത്തുനിന്ന് മിന്നൽകുതിപ്പിലാണ് ഇരുപത്തിരണ്ടുകാരൻ എവർട്ടൺ ബോക്‌സിലെത്തിയത്. വലംകാലടിയിലൂടെ വലകുലുക്കി. അവസാന ഏഴ് കളിയിൽ ആറ് ഗോളാണ് സ്ലൊവേനിയൻ മുന്നേറ്റക്കാരൻ നേടിയത്. ഗോൾകീപ്പർ സെന്നെ ലാമെൻസ് കളിയിലുടനീളം മികച്ച പ്രകടനമാണ് യുണൈറ്റഡിനായി നടത്തിയത്.
മാർച്ച് ഒന്നിന് ക്രിസ്റ്റൽ പാലസിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.










0 comments