print edition ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമി; അത്‌ലറ്റികോ x അഴ്സണൽ

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമിയിൽ ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ നേരിടുന്ന അഴ്സണൽ ടീം പരിശീലനത്തിൽ
മാഡ്രിഡ്: അഴ്‌സണലിന് അടുത്ത പരീക്ഷണം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇറങ്ങുകയാണ് മൈക്കേൽ അർടേറ്റയുടെ സംഘം. സ്‌പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30ന് അത്‌ലറ്റികോ തട്ടകമായ മെട്രോപൊളീറ്റാനോ സ്‌റ്റേഡിയത്തിലാണ് ആദ്യപാദ സെമി.
20 വർഷത്തിനുശേഷമുള്ള ആദ്യ ഫൈനലാണ് അഴ്‌സണലിന്റെ ലക്ഷ്യം. അത്‌ലറ്റികോ തട്ടകത്തിൽ കാര്യങ്ങൾ എളുപ്പമാകില്ല ഇംഗ്ലീഷ് ടീമിന്. മെയ് അഞ്ചിനാണ് രണ്ടാംപാദം. ലണ്ടനിൽ അഴ്‌സണലിന്റെ മൈതാനത്തിലാണ് മത്സരം.
സീസണിന്റെ അവസാന ഘട്ടത്തിൽ കടുത്ത പോരാട്ടങ്ങളാണ് അഴ്‌സണലിന് നേരിടേണ്ടിവന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനംവരെ ആധിപത്യം കാട്ടിയെങ്കിലും അവസാനമെത്തുന്പോഴേക്കും തളർന്നു. നിലവിൽ ഒന്നാമതുണ്ടെങ്കിലും മാഞ്ചസ്‌റ്റർ സിറ്റി കനത്ത വെല്ലുവിളി ഉയർത്തുന്നു. ലീഗ് കപ്പ് ഫൈനലിൽ സിറ്റിയോട് തോറ്റു. എഫ് എ കപ്പിലും മുന്നേറാനായില്ല.
ചാന്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേർ ലെവർകൂസനെയും ക്വാർട്ടറിൽ സ്‌പോർടിങ് ലിസ്‌ബണെയും കീഴടക്കി. രണ്ടിലും ആധികാരികമായിരുന്നില്ല പ്രകടനങ്ങൾ. അത്‌ലറ്റികോയ്‌ക്കെതിരെ ഇറങ്ങുന്പോൾ അർടേറ്റ സമ്മർദത്തിലാണ്. പ്രീമിയർ ലീഗിലെ കിരീടപ്പോര് കനത്തത് കളിക്കാരെ ബാധിച്ചിട്ടുണ്ട്. അതേസമയം, സൂപ്പർ താരം ബുകായോ സാക്ക പരിക്കുമാറി തിരിച്ചെത്തുന്നത് ടീമിന് ആശ്വാസം പകരും. എന്നാൽ ന്യൂകാസിൽ യുണൈറ്റഡുമായുള്ള കളിക്കിടെ പരിക്കേറ്റ കയ് ഹവേർട്‌സ്, എബെറെഷി എസെ എന്നിവർ കളിക്കുമെന്ന് ഉറപ്പില്ല. ജുറിയെൻ ടിംബെറും മിക്കേൽ മെറീനോയും പുറത്തായി. മാർടിൻ സുബിമെൻഡി കളിക്കും.
മറുവശത്ത്, ക്വാർട്ടറിൽ ബാഴ്‌സലോണയെ തകർത്ത് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് അത്‌ലറ്റികോ. സ്‌പാനിഷ് ലീഗ് കിരീടപ്പോരിൽ പുറത്തായതിനാൽ ശ്രദ്ധ മുഴുവൻ ചാമ്പ്യൻസ് ലീഗിലാണ്. ലീഗ് മത്സരങ്ങളിൽ വമ്പൻമാർക്ക് വിശ്രമം അനുവദിച്ചു. പരിശീലകൻ ദ്യേഗോ സിമിയോണിയുടെ കീഴിൽ ആദ്യ കിരീടത്തിനായി അത്‌ലറ്റികോ കാത്തിരിക്കുകയാണ്. ജൂലിയൻ അൽവാരസും ഒൺടോയ്‌ൻ ഗ്രീസ്‌മാനുമാണ് പ്രധാന താരങ്ങൾ. കോകെ, മാർകോസ് ലോറന്റെ, ജിയുലിയാനോ സിമിയോണി എന്നിവരുൾപ്പെട്ട മധ്യനിരയുടെ പ്രകടനം നിർണായകമാകും.










0 comments