വാളെടുത്ത് ബെർഗ്‌വാൾ ; ലിവർപൂളിനെ തോൽപ്പിച്ച് ടോട്ടനം

ലണ്ടൻ
പതിനെട്ടുകാരൻ ലൂകാസ് ബെർഗ്‌വാളിന്റെ മിന്നുംഗോളിൽ ലിവർപൂളിനെ തീർത്ത് ടോട്ടനം ഹോട്‌സ്‌പർ. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോൾ ആദ്യപാദ സെമിയിൽ ഒരു ഗോളിന്റെ ജയത്തോടെ ടോട്ടനം കരുത്തുകാട്ടി. പകരക്കാരനായെത്തി കളി തീരാൻ നാല് മിനിറ്റ് ബാക്കിനിൽക്കെയാണ് ബെർഗ്‌വാൾ വല കുലുക്കിയത്.
ഈ സീസണിൽ പരിശീലകൻ ആർണെ സ്ലോട്ടിന് കീഴിൽ ലിവർപൂളിന്റെ രണ്ടാമത്തെ മാത്രം തോൽവിയാണിത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമതാണവർ.
സ്വന്തംതട്ടകത്തിൽ കരുതിയാണ് ടോട്ടനം ലിവർപൂളിനെ നേരിട്ടത്. പരിക്കുകാരണം പ്രധാന പല താരങ്ങളും ഇല്ലാതെയാണവർ എത്തിയത്. ആറാംമിനിറ്റിൽ കളത്തിൽ കുഴഞ്ഞുവീണ മധ്യനിരക്കാരൻ റോഡ്രിഗോ ബെന്റാൻകറിനെയും നഷ്ടമായി. കോർണറിനായി ബോക്‌സിൽ കാത്തുനിൽക്കവെ ഉറുഗ്വേക്കാരൻ വീഴുകയായിരുന്നു. ബോധം നഷ്ടമായ ബെന്റാൻകറിനെ ആശുപത്രിയിലേക്ക് മാറ്റി. താരം ആരോഗ്യം വീണ്ടെടുത്തെന്നും പേടിക്കാനൊന്നുമില്ലെന്നും ടോട്ടനം അറിയിച്ചു.
മധ്യനിരയിലെ പ്രധാനി മടങ്ങിയിട്ടും ടീം തളർന്നില്ല. ഇതിനിടെ ഡൊമിനിക് സൊളങ്കി ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡായി. കഴിഞ്ഞദിവസം ടീമിലെത്തിച്ച ചെക്ക് ഗോൾകീപ്പർ അന്റോണിൻ കിൻസ്‌കി അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് ടോട്ടനത്തിനായി നടത്തിയത്. ഗോളെന്നുറച്ച മൂന്നോളം ഷോട്ടുകൾ ഇരുപത്തൊന്നുകാരൻ തടഞ്ഞു.
കളിയവസാനം സൊളങ്കി നൽകിയ അവസരമാണ് ബെർഗ്‌വാൾ ഗോളാക്കി മാറ്റിയത്. ബോക്സിൽനിന്നുള്ള മിന്നൽ ഷോട്ട് ലിവർപൂൾ വലകയറി. ഈ സീസണിലാണ് സ്വീഡിഷ് മധ്യനിരക്കാരൻ ടീമിലെത്തിയത്. ഫെബ്രുവരി ആറിന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് രണ്ടാംപാദ സെമി.










0 comments