print edition കമ്യൂണിറ്റി ഷീൽഡിനായി ഇന്ന്; അഴ്‌സണൽ x സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ സീസണിന് തുടക്കം കുറിച്ച് ഇന്ന് കമ്യൂണിറ്റി ഷീൽഡ് പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ അഴ്‌സണലും എഫ്എ കപ്പ് ചാന്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയും തമ്മിൽ കാർഡിഫിലെ മില്ലേനിയം സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി.
ക്രിസ്‌റ്റൽ പാലസാണ് നിലവിലെ ജേതാക്കൾ. 2023ലാണ് സിറ്റിയും അഴ്‌സണലും ഷീൽഡിനായി പരസ്‌പരം ഏറ്റുമുട്ടിയത്. അഴ്‌സണൽ ഷൂട്ടൗട്ടിൽ ജയം നേടി.
കരുത്തുറ്റ നിരയുമായാണ് അഴ്‌സണൽ ഇറങ്ങുന്നത്. ലോകകപ്പിനുശേഷം വിശ്രമത്തിലായിരുന്ന ഇംഗ്ലീഷ് താരങ്ങളായ ഡെക്ലൻ റൈസും ബുകായോ സാകയും കളിക്കുമെന്ന് പരിശീലകൻ മൈക്കേൽ അർടേറ്റ വ്യക്തമാക്കി. ചാന്പ്യൻമാരായ സ്‌പെയ്‌ൻ ടീമിന്റെ ഭാഗമായിരുന്ന മാർടിൻ സുബിമെൻഡിയുമുണ്ടാകും. മൂവരും സന്നാഹ മത്സരങ്ങളിൽ കളിച്ചിരുന്നില്ല.
അതേസമയം, പ്രതിരോധക്കാരായ ജൂറിയെൻ ടിംബെറും വില്യം സാലിബയും കളിക്കില്ല. ഇരുവർക്കും ലോകകപ്പിനിടെ പരിക്കേറ്റിരുന്നു.
മറുവശത്ത്, മാഞ്ചസ്‌റ്റർ സിറ്റി പുതിയ രൂപത്തിലാണ് എത്തുക. വിഖ്യാത പരിശീലകൻ പെപ് ഗ്വാർഡിയോള സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ആദ്യ പ്രധാന മത്സരമാണ്. എൺസോ മറെസ്‌കയാണ് പുതിയ പരിശീലകൻ.
മധ്യനിരയിൽ റോഡ്രിയുടെ അഭാവം സിറ്റിക്ക് ക്ഷീണമാകും. സ്‌പെയ്‌നിന്റെ ലോകകപ്പ് ക്യാപ്‌റ്റൻ പരിക്കുകാരണം പുറത്താണ്. ബാഴ്‌സലോണയിലേക്ക് കൂടുമാറാനുള്ള ഒരുക്കത്തിലും കൂടിയാണ് റോഡ്രി.
17 തവണയാണ് അഴ്‌സണൽ ഷീൽഡ് നേടിയത്. അവസാനമായി 2023ൽ. സിറ്റി ഏഴ് തവണ ജേതാക്കളായി. അവസാനമായി ജയിച്ചത് 2024ൽ.
പ്രീമിയർ ലീഗിന് 21നാണ് തുടക്കം. അഴ്‌സണൽ നവാഗതരായ കൊവെൻട്രിയുമായി ഏറ്റുമുട്ടും.










0 comments