print edition ഹോർമുസിൽ പുതിയ കപ്പൽച്ചാൽ; ഒമാനുമായുള്ള കരാർ ഉടനെന്ന് ഇറാൻ

തെഹ്‌റാൻ/ മസ്‌കത്ത്/ബെയ്‌റൂത്ത്: ഒമാനുമായി സഹകരിച്ച് ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽച്ചാൽ നിർമിക്കാനുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഇറാൻ. എന്നാൽ, കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ജൂണിൽ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ അമേരിക്ക പാലിക്കുന്നതിനെ ആശ്രയിച്ചായിരിക്കും.
ഒമാനുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നു ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. തടഞ്ഞുവച്ച ഇറാൻ സ്വത്തുക്കൾ വിട്ടയക്കുക, ഉപരോധങ്ങൾ പിൻവലിക്കുക തുടങ്ങിയ വ്യവസ്ഥകൾ അമേരിക്ക പാലിച്ചാലേ കടലിടുക്ക് പൂർണമായി തുറക്കൂവെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് സ്മാർട്ട് മാനേജ്‌മെന്റ് പ്ലാൻ അവലോകനംചെയ്യാൻ ഇറാൻ പാർലമെന്റ് വെർച്വൽ യോഗം ചേരും. ഇറാനെ പൂർണമായി പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് യുഎസ് ആസ്‌തിയായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
അതിനിടെ, അറബിക്കടലിൽ പിൻവലിക്കുന്ന പടക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കന് പകരം യുഎസ്എസ് ജോർജ് വാഷിങ്‌ടൺ എത്തിച്ചേർന്നു. യുദ്ധത്തിനിടെ പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചു.
അതിനിടെ, മാർച്ചിൽ വിമാനം തകർന്നു കാണാതായ മൂന്നു പൈലറ്റുമാരെ ഖത്തർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ഖത്തർ ഇത് നിഷേധിച്ചു. യുഎസ്– ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അനുസ്‌മരണത്തിന്റെ ഭാഗമായി തെഹ്‌റാൻ, ഖോം, മഷ്ഹദ് എന്നിവിടങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടക്കും. പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനേയി നേതൃത്വം നൽകും.
തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ചെങ്കടൽ തുറമുഖമായ മൊഖയിൽ ഹൂതി ആക്രമണത്തിൽ രണ്ട് നാവികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.










0 comments