മതനിരപേക്ഷത കുഴിച്ചുമൂടാൻ കോൺഗ്രസും

രാജ്യത്തെ 150 കോടിയോളം ജനതയെ വൈവിധ്യമാർന്ന പുഷ്‌പങ്ങളടങ്ങിയ ഹാരമെന്നവിധം കോര്‍ത്തിണക്കുന്നത് മതനിരപേക്ഷതയെന്ന സുന്ദരമായ ആശയമാണ്. അതിന് കോട്ടംതട്ടാന്‍ ഇടയാക്കുന്ന പ്രവൃത്തി ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായി എതിര്‍ക്കപ്പെടണം. അത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്തേണ്ടതുമാണ്. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്ക് കൂട്ടുനിൽക്കുന്ന പ്രവൃത്തിയാണ്. എഐസിസി ആസ്ഥാനത്ത് മാത്രമല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനത്തും വന്ദേമാതരം പൂർണമായി ആലപിക്കപ്പെട്ടത് മതനിരപേക്ഷത എന്ന ആശയത്തോട് അഭിനവ കോൺഗ്രസ് കൂറ് പുലർത്തുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന സംഭവവികാസമാണ്.
സംസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി പാടണമെന്ന് യുഡിഎഫ് ഭരണത്തിൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുന്ന ഘട്ടംവരെ എത്തി. ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഇതില്‍നിന്ന് തല്‍ക്കാലമെങ്കിലും അവര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നത്. എന്നാൽ വനംവകുപ്പ് ആസ്ഥാനത്ത് ഇതിൽനിന്ന് വ്യതിയാനം സംഭവിച്ചു. എഐസിസിയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോൺഗ്രസ് പാർലമെന്ററി പാർടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇൗ ആലാപനം എന്നത് ഏറെ ആശങ്കയുളവാക്കുന്നു. ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശം ആപല്‍ക്കരമാണ്. ഏതുവിധത്തിലും സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷം പടര്‍ത്താന്‍ കേന്ദ്ര അധികാരം കൈയാളുന്നവര്‍ ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ അതിന് ആക്കംകൂട്ടുന്നതാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട് മാറ്റം.
പ്രമുഖ ബംഗാളി സാഹിത്യകാരന്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി 1875ല്‍ രചിച്ച ഗാനം പിന്നീട് അദ്ദേഹത്തിന്റെതന്നെ നോവലായ "ആനന്ദമഠ'ത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരകാലത്ത് ഏറെ ആലപിക്കപ്പെട്ട ഗാനമാണ്. ആകെയുള്ള ആറ് ചരണത്തില്‍ ആദ്യ രണ്ട് ചരണം രാജ്യത്തെ മനോഹരമായ പ്രകൃതിസൗന്ദര്യത്തെ വര്‍ണിക്കുന്നതാണ്. അടുത്ത ചരണങ്ങള്‍ പ്രത്യേക മതചിഹ്നങ്ങള്‍ പ്രതിപാദിക്കുന്നതാണ്. മുസ്ലിങ്ങളും ക്രൈസ്‌തവരും ബുദ്ധമതക്കാരും പാഴ്‌സികളുമെല്ലാം അധിവസിക്കുന്ന രാജ്യത്ത് ഭൂരിപക്ഷമതത്തിന്റെ ആരാധനമൂർത്തികളെ ഒൗദ്യോഗികമായി അംഗീകരിക്കുന്നത് മതനിരപേക്ഷതയ്‌ക്ക് നിരക്കുന്നതല്ലെന്ന് 1937ലെ കോൺഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച പ്രമേയത്തിൽ പ്രഖ്യാപിച്ചു.
വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരതയ്‌ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഭരണഘടനാ നിയമനിര്‍മാണ സഭയും വ്യക്തമാക്കി. വന്ദേമാതരത്തെ ദേശീയ ഗാനമാക്കണമെന്ന് അന്ന് സംഘപരിവാർ വിഭാഗം ശക്തിയായി ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കൽ ലക്ഷ്യമിട്ടുള്ള ഇൗ ആവശ്യം ഭരണഘടനാ നിർമാണസഭ തള്ളുകയായിരുന്നു. വിശദ ചർച്ചയ്‌ക്കുശേഷമാണ് ഇക്കാര്യത്തില്‍ സുവ്യക്ത തീരുമാനം കൈക്കൊണ്ടത്. ‘ജനഗണമന’ ദേശീയ ഗാനമാക്കാനും തീരുമാനിച്ചു. കോൺഗ്രസിന്റെ അന്നത്തെ നിലപാടിൽനിന്നാണ് ഇപ്പോൾ തകിടംമറിയുന്നത്.
അധികാരക്കൊതി മൂത്ത കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കുന്നില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയാണ്. ബാബ്‌റി മസ്ജിദ് തകർക്കുന്ന ഘട്ടത്തിൽ കോൺഗ്രസിന്റെ കള്ളക്കളി പകൽവെളിച്ചത്തിൽ രാജ്യം കണ്ടതാണ്. പിന്നീട് പല സന്ദർഭങ്ങളിലും വർഗീയശക്തികൾക്കെതിരായ നിലപാടുകളിൽ അയവുവരുത്തുന്നതും പ്രകടമായി. വർഗീയശക്തികൾക്കെതിരായ കൂട്ടായ്മയെപ്പോലും ദുർബലപ്പെടുത്തുന്ന സമീപനം കോൺഗ്രസിൽനിന്നുണ്ടായി.
ഇന്ത്യയെ ഹിന്ദുത്വ ആശയങ്ങളിൽ അധിഷ്‌ഠിതമായ രാഷ്‌ട്രമാക്കുകയെന്ന നിശ്ചയത്തോടെ ഭരിക്കുന്നവർക്ക് ശക്തിപകരാൻ മാത്രമേ കോണ്‍ഗ്രസിന്റെ സമീപനങ്ങൾ ഉപകരിക്കൂ. ഏതുവിധത്തിലും സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷം പടര്‍ത്താനാണ് സംഘപരിവാറിന്റെ ശ്രമം. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ല.
കേരളത്തിലടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുത്വ വർഗീയശക്തികളുടെ നയങ്ങൾ നടപ്പാക്കാനാണ് ശ്രമം. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിച്ചു. സ്‌കൂളുകളിൽ പിഎം ശ്രീ, ഉന്നതവിദ്യാഭ്യാസ മേഖല എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളം ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷ ശക്തികൾക്ക് ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. ഗുജറാത്തിൽ നിഷ്‌ഠുരമായി കൊലപ്പെടുത്തുന്നതിനുമുമ്പ് വർഗീയവാദികൾ കോൺഗ്രസ് മുൻ എംപിയായിരുന്ന, വന്ദ്യവയോധികനായിരുന്ന ഇഹ്‌സാൻ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്. ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച മതനിരപേക്ഷത എന്ന ആശയം കുഴിച്ചുമൂടാനാണ് ഇന്ന് കോൺഗ്രസ് കൂട്ടുനിൽക്കുന്നത്. ജനാധിപത്യ വിശ്വാസികളും രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായ നിലപാടെടുത്തേ പറ്റൂ.










0 comments