print edition ജീവിതത്തിലേക്ക് വാരിയെടുത്തവർ; മറക്കില്ലൊരുനാളും

ടൗൺഷിപ്പിലെ വീട്ടിൽ എലിസബത്തും ഭർത്താവ് തങ്കച്ചനും അമ്മ കുഞ്ഞമ്മയും
കൂടെയുള്ളവരെല്ലാം മണ്ണിടിച്ചിലിൽ പെട്ടുപോയെന്നുകരുതി കാപ്പിത്തോട്ടത്തിൽ ഭയന്നുവിറച്ച് ഇരിക്കുന്പോഴാണ് ഡിവൈഎഫ്‌ഐക്കാർ രക്ഷിച്ചത്’–ഉരുൾപൊട്ടിയ അർധരാത്രിയിലെ ഓർമകൾ ടൗൺഷിപ്പിലെ വീട്ടിലിരുന്ന് എലിസബത്തും കുടുംബവും ഓർക്കുന്നു.
കൽപ്പറ്റ: ‘പെരുമഴയിൽ ഞാനും മകന്റെ ഭാര്യയും കൊച്ചുമകളും കാപ്പിത്തോട്ടത്തിൽ മരണഭയത്തോടെ ഇരിക്കുകയാണ്. ഞങ്ങൾക്ക് ചുറ്റും കൂറ്റൻമരങ്ങളും പാറകളും വെള്ളത്തോടൊപ്പം അതിശക്തമായി താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ് അവരെത്തി അതിസാഹസികമായി ഞങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ചത്. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡായിരുന്നു അവരെന്ന് പിന്നീടാണ് മനസ്സിലായത്. അവസാനശ്വാസം വരെ അവരെ മറക്കില്ല’–മുണ്ടക്കൈ ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ട തേക്കിലക്കാട് എലിസബത്തിന്റെ വാക്കുകളിൽ നിറയുന്നത് ജീവൻ പണയപ്പെടുത്തി രക്ഷിച്ചവരോടുള്ള സ്‌നേഹം.
എലിസബത്ത്, അമ്മ കുഞ്ഞമ്മ, ഭർത്താവ് തങ്കച്ചൻ, മകൻ റെജി, മരുമകൾ അമ്പിളി, കൊച്ചുമകൾ എയ്‌ഞ്ചൽ എന്നിവർ കൽപ്പറ്റ ടൗൺഷിപ്പിലെ സ്‌നേഹക്കൂട്ടിലാണിപ്പോൾ. ഇവർ ഉറങ്ങിക്കിടന്ന ചൂരൽമലയിലെ വീട്ടിലേക്ക് ഉരുൾപൊട്ടി ചെളിയും കല്ലും മരങ്ങളും ഇരച്ചെത്തി. നാലര വയസ്സുള്ള മകളും 95 വയസ്സുള്ള മുത്തശ്ശിയും ചെളിയിലാണ്ടു. ഇവരെയും വാരിയെടുത്ത് ഓടുന്നതിനിടെ പലരും പല വഴിക്ക് ചിതറിപ്പോയി.
‘എങ്ങോട്ടുപോകണമെന്നോ എന്തുചെയ്യണമെന്നോ അറിയാതെ, കൂടെയുള്ളവരെല്ലാം മണ്ണിടിച്ചിലിൽ പെട്ടുപോയെന്നുകരുതി കാപ്പിത്തോട്ടത്തിൽ ഭയന്നുവിറച്ച് ഇരിക്കുമ്പോഴാണ് ഡിവൈഎഫ്‌ഐക്കാർ രക്ഷിച്ചത്’–ഉരുൾപൊട്ടിയ അർധരാത്രിയിലെ ഓർമകൾ ടൗൺഷിപ്പിലെ വീട്ടിലിരുന്ന് എലിസബത്തും കുടുംബവും ഓർക്കുന്നു.
ഡിവൈഎഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റായിരുന്ന ഫ്രാൻസിസും സംഘവുമാണ് ഇവരെ രക്ഷിച്ചത്. ടൗൺഷിപ്പിലെ നിരവധി കുടുംബങ്ങൾക്ക് യുവാക്കളുടെ കരുതലിനെപ്പറ്റി വാതോരാതെ പറയാനുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ മാസങ്ങളോളം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലും മൃതദേഹങ്ങൾ ഒഴുകിയെത്തിയ മലപ്പുറത്തെ ചാലിയാറിലും കർമനിരതരായി.ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്യാമ്പുകളിലേക്ക് ഭക്ഷണവും വസ്‌ത്രങ്ങളുമെത്തിച്ചു.
നൂറ് വീടിന് 20 കോടി രൂപ കണ്ടെത്തി അതിജീവനത്തിലും തണലായി. ദുരന്തത്തിൽ അച്ഛനും അമ്മയും മൂന്നുമക്കളും നഷ്‌ടമായ ചൂരൽമലയിലെ അനീഷ്–സയന ദമ്പതികൾക്ക് ഉപജീവനത്തിനായി ജീപ്പ് വാങ്ങി നൽകിയതും ഡിവൈഎഫ്‌ഐയാണ്.










0 comments