print edition ക്യൂബയെ ചേർത്തുപിടിച്ച് ചൈന; 15,000 ടൺ അരികൂടി ഹവാനയിലെത്തിച്ചു

ഹവാന: യുഎസ് ഉപരോധത്തിൽ വലയുന്ന ക്യൂബയ്ക്ക് സഹായവുമായി ചൈന. അടിയന്തര സഹായമായി ചൈന പ്രഖ്യാപിച്ച 60,000 ടൺ ധാന്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിഹിതമായി 15,000 ടൺകൂടി ക്യൂബയിലെത്തിച്ചു.
സഹായത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാർടിക്കും സർക്കാരിനും ജനങ്ങൾക്കും ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് നന്ദി അറിയിച്ചു. ക്യൂബ ഏറ്റവും പ്രയാസഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ചൈനയുടെ കലർപ്പില്ലാത്ത സൗഹൃദവും ഐക്യദാർഢ്യവുമാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
വ്യാഴാഴ്ച ഹവാനയിലെത്തിയ അരി ക്യൂബയിലെ ചൈനീസ് അംബാസഡർ ഹുവാ ക്‌സിൻ കൈമാറി. ചൈന എന്നും ക്യൂബയ്ക്കൊപ്പം ഉണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ ഇടപെടലുകളെ ശക്തമായി എതിർക്കുന്ന ക്യൂബയിലെ ജനങ്ങൾക്ക് ചൈനയുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചൈന പ്രഖ്യാപിച്ച ഭക്ഷ്യവിഹിതം പൂർണമായും സെപ്‌തംബറിൽ എത്തിച്ചേരും. എട്ടുകോടി ഡോളറിന്റെ സാമ്പത്തികസഹായവും 60,000 ടൺ അരിയും ഉൾപ്പെടുന്ന സഹായപദ്ധതി കഴിഞ്ഞ ജനുവരിയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചത്.









0 comments