print edition ഇംഗ്ലീഷ് ക്ലാസ്, ലാറ്റിൻ പാസ്;കളത്തിൽ ചൂടേറും

ലോക ഫുട്‌ബോളിലെ രൂക്ഷമായ ആക്രമണ പ്രത്യാക്രമണങ്ങളുടെ ചരിത്രമാണ് അർജന്റീന–ഇംഗ്ലണ്ട് പോരാട്ടങ്ങൾക്കുള്ളത്. ലോകകപ്പിലെ മുഖാമുഖങ്ങൾ പകയുടെ കനലുകളായി എരിഞ്ഞു. ദ്യേഗോ മാറഡോണയും ഡേവിഡ് ബെക്കാമും ദ്യേഗോ സിമിയോണിയും മൈക്കേൽ ഓവനുമെല്ലാം നായകനും പ്രതിനായകനുമായി മാറിമാറിവന്നു. ചരിത്രം തീപിടിപ്പിക്കുന്നതാണ്. ആ കളത്തിലേക്കാണ് ലയണൽ മെസിയുടെ അർജന്റീനയും ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടും ഇറങ്ങുന്നത്. അറ്റ്‌ലാന്റയിലെ കനത്ത ചൂട് കളത്തിലേക്കും പടരും. ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള പോരാട്ടം കൂടിയാണിന്ന്.
തന്ത്രങ്ങളിലും സാങ്കേതിക മികവിലും ഇംഗ്ലണ്ട് ഒരു ചുവടുമുന്നിൽ നിൽക്കുന്നു. മന:ക്കരുത്തിലും വ്യക്തിഗത മികവിലും അർജന്റീനയ്‌ക്കാണ് മുൻതൂക്കം. 1966നുശേഷമുള്ള ആദ്യ ഫൈനലാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. തുടർച്ചയായ രണ്ടാംകിരീടമാണ് അർജന്റീന ഉന്നമിടുന്നത്.
മെസി ഇംഗ്ലണ്ടിന് മുന്നിൽ വിരിഞ്ഞുനിൽക്കുന്നു. ഇംഗ്ലീഷ് ടീമിനെതിരെ ഒരിക്കൽപ്പോലും കളിച്ചിട്ടില്ല അർജന്റീന നായകൻ. മുപ്പത്തൊന്പതാം വയസിലും പ്രതിഭ മങ്ങിയിട്ടില്ല. ലോകകപ്പിലെ ഓരോ കളിയിലും മുദ്ര ചാർത്തി. അഞ്ച് കളിയിൽ തുടർച്ചയായ ഗോൾ. ക്വാർട്ടറിൽ ഗോളടിച്ചില്ലെങ്കിലും അവസരമൊരുക്കി.
മറുവശത്ത്, ജൂഡ് ബെല്ലിങ്‌ഹാമുണ്ട്. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും രണ്ട് വീതം ഗോളടിച്ചു. മെസിയേക്കാൾ 16 വയസിന് ഇളയതാണ് ബെല്ലിങ്‌ഹാം. വൈവിധ്യമായ ആക്രമണ ഷോട്ടുകളുടെ ശേഖരമുണ്ട് റയൽ മാഡ്രിഡ് താരത്തിന്. ആറ് ഗോളായി. ക്യാപ്‌റ്റൻ കെയ്‌നിനും ആറ് ഗോളുണ്ട്.
അർജന്റീന മെസി മാത്രമല്ലെന്നാണ് ഇംഗ്ലീഷുകാരുടെ വാദം. ആകെ 17 ഗോളാണ് ടീം നേടിയത്. അതിൽ എട്ട് വ്യത്യസ്‌ത കളിക്കാർ സ്‌കോർ ചെയ്‌തു. ഇംഗ്ലണ്ട് നേടിയ 13 ഗോൾ മൂന്ന് പേരുടെ മാത്രം സംഭാവനയാണ്. ബോക്‌സിലേക്കുള്ള പാസുകളിലും ബോക്‌സിനുള്ളിലെ നീക്കത്തിലും വലിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും ഇംഗ്ലണ്ടിനാണ് മികവ്. വേഗത്തിൽ എതിർപ്രതിരോധം ഭേദിക്കുന്നതും ഏത് സമയത്തും ഗോളടിക്കാനുള്ള മികവും ഷോട്ടുകൾ പായിക്കുന്നതും അർജന്റീനയാണ്. പാസുകളുടെ എണ്ണത്തിലും മുന്നിൽ.
എൺസോ ഫെർണാണ്ടസ്, അലെക്‌സിസ് മക് അല്ലിസ്‌റ്റർ, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരദെസ് ഉൾപ്പെട്ട മധ്യനിര പന്തിൽ നിയന്ത്രണം നേടിയാൽ അർജന്റീനയ്‌ക്ക് മുന്നേറാം. മറുവശത്ത്, ഡെക്ലൻ റൈസും എല്ലിയട്ട് ആൻഡേഴ്‌സനുമാണ് ഇംഗ്ലണ്ടിന്റെ ചാലകശക്തി. ആന്തണി ഗോഡനാണ് അപകടകാരിയായ താരം. ഏത് നിമിഷവും അർജന്റീന പ്രതിരോധത്തെ ചിതറിക്കാൻ ഗോഡന് കഴിയും. പ്രതിരോധമാണ് അർജന്റീനയുടെ ആശങ്ക. നിക്കോളാസ് താഗ്ലിയോഫിക്കോയും നഹുവേൽ മൊളീനയും പ്രത്യാക്രമണത്തിൽ പതറുന്നു. ക്രിസ്‌റ്റ്യൻ റൊമേറോ–ലിസാൻഡ്രോ മാർട്ടിനെസ് സഖ്യവും ഇടയ്‌ക്ക് പ്രതിരോധം മറക്കുന്നുണ്ട്. റൗണ്ട് ഓഫ് 32 മുതൽ അതിജീവനക്കളി പുറത്തെടുക്കുന്ന അർജന്റീനയ്‌ക്ക് ആ മികവ് മതിയാകില്ല സെമിയിൽ. മറുവശത്ത്, സന്പൂർണ സംഘമാണെങ്കിലും അതിനൊത്തുള്ള പ്രകടനം ഇംഗ്ലണ്ടിൽനിന്നുമുണ്ടാകുന്നില്ല.
ഇംഗ്ലണ്ട് കരുത്ത്
ജീവനുള്ള മുന്നേറ്റ–മധ്യനിര
ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റം. ഹാരി കെയ്‌നും ജൂഡ് ബെല്ലിങ്‌ഹാമും ആറ് വീതം ഗോൾ നേടി. ബെല്ലിങ്‌ഹാമാണ് ഇംഗ്ലണ്ടിന്റെ കളിഗതി നിയന്ത്രിക്കുന്നത്. മധ്യനിര ചലനാത്മകമാക്കാൻ ഡെക്ലൻ റൈസും എല്ലിയട്ട് ആൻഡേഴ്‌സണുമുണ്ട്.
പകരക്കാരും മിന്നൽ
സന്പൂർണ നിരയാണ് ഇംഗ്ലണ്ടിന്. ഏത് സ്ഥാനത്തും മികച്ച താരങ്ങൾ. അതിനൊത്ത പകരക്കാരും. ദെയ്‌ദ് സ്‌പെൻസും ബുകായോ സാക്കയും മോർഗൻ റോജേഴ്‌സുമെല്ലാം പകരക്കാരായാണ് കളത്തിലിറങ്ങുന്നത്.
സെറ്റ് പീസുകൾ
കോർണറുകളും ഫ്രീകിക്കുകളും ഗോളാക്കാൻ ഇംഗ്ലണ്ടിന് കഴിയും. ഉയരം അനുകൂല ഘടകം
ഇംഗ്ലണ്ട് ദൗർബല്യം
പരിക്കും സസ്‌പെൻഷനും
മധ്യനിരക്കാരൻ ഡെക്ലൻ റൈസിന്റെ അസുഖമാണ് ഇംഗ്ലണ്ടിന് ആശങ്ക. ഭക്ഷ്യവിഷ ബാധ കാരണം ശാരീരികകക്ഷമത കുറവാണ്. നേരിയ പരിക്കുമുണ്ട്. പ്രതിരോധക്കാരൻ യാറെ ക്വൻസായ്‌ക്ക് ചുവപ്പുകാർഡ് കിട്ടിയ കാരണം സെമിയും നഷ്ടമാകും.
പ്രതിരോധ പാളിച്ചകൾ
അതിവേഗ നീക്കങ്ങളിൽ പ്രതിരോധം പതറും. പ്രതിരോധത്തിനും മധ്യനിരയ്‌ക്കും ഇടയിൽ വിടവുണ്ടാകും.
ഇവരെ സൂക്ഷിക്കുക
ഹാരി കെയ്‌ൻ
ഇംഗ്ലണ്ട് മുന്നേറ്റനിരയുടെ കുന്തമുന. ആറ് കളിയിൽ ആറ് ഗോൾ. ഒരു ഗോളിന് വഴിയൊരുക്കി. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരനാണ് (13). ഇത്തവണ ആകെ 14 ഷോട്ട് തൊടുത്തു. ഇതിൽ 13ഉം ലക്ഷ്യത്തിലേക്കായിരുന്നു. ഏത് സമ്മർദഘട്ടത്തിലും ഗോളടിക്കാൻ പ്രാപ്‌തിയുണ്ട്. റൗണ്ട് ഓഫ് 32ൽ കോംഗോയ്‌ക്കെതിരെ 74 മിനിറ്റ് വരെ ഒരു ഗോളിന് പുറകിലായിരുന്ന ടീമിനെ രണ്ട് ഗോളടിച്ച് ജയിപ്പിച്ചു.
ജൂഡ് ബെല്ലിങ്‌ഹാം
മധ്യനിരയിൽ കളി മെനയുന്നതിനൊപ്പം നിർണായകഘട്ടത്തിൽ ഗോൾ നേടിയും ടീമിന്റെ രക്ഷകനാകുന്നു.
കെയ്‌നിനൊപ്പം ആറ് ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. പന്ത് പിടിച്ചെടുക്കുന്നതിലെ മികവ് അപകടകാരിയാക്കുന്നു. ആകെ 17 ഷോട്ട് ഉതിർത്തു.
11 എണ്ണം ലക്ഷ്യത്തിലേക്ക്. ക്വാർട്ടറിൽ നോർവെയ്‌ക്കെതിരെ രണ്ട് ഗോൾ നേടി ടീമിനെ നയിച്ചു.
ജോർദാൻ പിക്‌ഫോർഡ്
ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ മികവും ടീമിന് തുണയാകും. ആറ് കളിയിൽ 12 രക്ഷപ്പെടുത്തലുകൾ നടത്തി.
പ്രീ ക്വാർട്ടറിൽ ആതിഥേയരായ മെക്‌സിക്കോയ്‌ക്കെതിരെ ഗോളെന്നുറച്ച മൂന്ന് ശ്രമങ്ങളാണ് തട്ടിയകറ്റിയത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ല.
നിർണായക മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയാൽ പിക്‌ഫോർഡിന്റെ മികവ് തുണയാകും.
അർജന്റീന കരുത്ത്
മെസി മാജിക്
മുപ്പത്തൊന്പതാം വയസിലും ലയണൽ മെസി നടത്തുന്ന അത്ഭുത പ്രകടനമാണ് അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത്.
എട്ട് ഗോൾ നേടിയ ക്യാപ്‌റ്റൻ രണ്ടെണ്ണത്തിന് അവസരവുമൊരുക്കി. ഒറ്റ നിമിഷം കൊണ്ട് കളിഗതി മാറ്റാൻ മെസിക്ക് കഴിയും.
മാനസിക കരുത്ത്
ലോകകപ്പിൽ ഏറ്റവും കൂടുതൽ മാനസിക കരുത്ത് തെളിയിച്ച ടീം. നോക്കൗട്ടിലെ മൂന്ന് മത്സരങ്ങളിലും തോൽവി ഭയന്ന ഘട്ടത്തിലാണ് തിരിച്ചുവന്നത്.
ഗോളടി മികവ്
ലോകകപ്പിൽ 17 ഗോളുമായി ഒന്നാമതാണ് ടീം. നോക്കൗട്ടിൽ മാത്രം മൂന്ന് കളിയിൽ ഒന്പത് ഗോൾ. ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യം കാണും. മെസി ഉൾപ്പെടെ എട്ട് കളിക്കാർ ഗോളടിച്ചു.
അർജന്റീന ദൗർബല്യം
പ്രതിരോധ വീഴ്‌ച
പാളിയ പ്രതിരോധമാണ് വിന. ആറ് ഗോളാണ് വഴങ്ങിയത്. അതിൽ അഞ്ചും നോക്കൗട്ടിൽ. കേപ് വെർദെ, ഇൗജിപ്‌ത് ടീമുകളോട് രണ്ട് വീതം ഗോൾ വഴങ്ങി.
മെസിയിൽ അമിതാശ്രയം
പലപ്പോഴും മെസിയെ കേന്ദ്രീകരിച്ച് മാത്രമാണ് അർജന്റീനയുടെ നീക്കങ്ങൾ. പല കളികളിലും മെസിയുടെ ഒറ്റയാൾ പ്രകടനം മാത്രം ടീമിനെ രക്ഷപ്പെടുത്തുന്നു.
ഇവരെ സൂക്ഷിക്കുക
ലയണൽ മെസി
അർജന്റീനയുടെ കരുത്തും പ്രതീക്ഷയും. പ്രായം മുപ്പത്തൊമ്പതായെങ്കിലും കളിമികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല. നാല് വർഷം മുമ്പ് ഖത്തറിൽ തകർപ്പൻ കളിയുമായി അർജന്റീനയെ ലോകചാമ്പ്യൻമാരാക്കിയത് ആവർത്തിക്കാനാണ് ശ്രമം. ആറ് മത്സരത്തിൽ എട്ട് ഗോളും രണ്ട് അവസരങ്ങളും.
ലിയാൻഡ്രോ പരെദെസ്
ആദ്യ രണ്ട് കളിയിലും പകരക്കാരുടെ നിരയിലായിരുന്നു സ്ഥാനം. എന്നാൽ പിന്നീട് ആദ്യ ടീമിൽ തിരിച്ചെത്തി. ഡിഫൻസീവ് മിഡ്‌ഫീൽഡിൽ അർജന്റീന ആശ്രയിക്കുന്നത് മുപ്പത്തിരണ്ടുകാരനെയാണ്. എതിരാളിയുടെ ആക്രമണം തടയാനും മുന്നേറ്റനിരയ്‌ക്ക് പന്ത് കൊടുക്കാനുമുള്ള ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. അഞ്ച് മത്സരത്തിൽ 381 പാസുകൾ കൈമാറി.
എമിലിയാനോ മാർട്ടിനെസ്
ഗോൾവലയ്‌ക്ക് കീഴിൽ അർജന്റീനയുടെ വിശ്വസ്‌തനായ കാവൽക്കാരൻ. കഴിഞ്ഞ തവണ മികച്ച ഗോൾകീപ്പർ പുരസ്‌കാരം സ്വന്തമാക്കി. ഇത്തവണ പഴയ മികവിലേക്കുയർന്നില്ലെങ്കിലും ഇംഗ്ലണ്ട് മുന്നേറ്റത്തിന് എളുപ്പമാകില്ല കാര്യങ്ങൾ. പെനൽറ്റി തടയുന്നതിൽ മുപ്പത്തിമൂന്നുകാരന് പ്രത്യേക മിടുക്കുണ്ട്.










0 comments