ad
Deshabhimani

പ്രിയദർശിനിക്കുവേണ്ടി ഷെഡ്യൂളുകൾ വെട്ടി

വിദ്യാർഥികളെ പെരുവഴിയിലാക്കി കെഎസ്‌ആർടിസി

എഴുകോൺ ജങ്‌ഷനിൽ ബസ്‌ കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ തിരക്ക്‌
വെബ് ഡെസ്ക്

Published on Jul 15, 2026, 01:08 AM | 1 min read

കൊല്ലം

പ്രിയദർശിനി സർവീസിനുവേണ്ടി കെഎസ്‌ആർടിസി ബസുകൾ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടെ ദുരിതത്തിലായി വിദ്യാർഥികൾ. ദേശീയപാതയിൽ കൊല്ലം മുതൽ ആര്യങ്കാവ് വരെ പകൽ മൂന്നുമുതൽ ആറുവരെയാണ്‌ ഷെഡ്യൂളുകൾ കുറയ്ക്കുന്നത്‌. പ്രിയദർശിനി സർവീസുകൾ എല്ലാ റൂട്ടിലും ഉറപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ പ്രധാന റൂട്ടിൽ മറ്റ്‌ സർവീസ്‌ ഒഴിവാക്കുന്നത്‌. ജില്ലയിലെ ഡിപ്പോകളിലെ ചുമതലക്കാരെ പ്രതികാര നടപടിയോടെ സ്ഥലംമാറ്റിയതും യാത്രക്ലേശം രൂക്ഷമാകാൻ കാരണമായതായി ജീവനക്കാർ പറയുന്നു. പ്രിയദർശിനി സർവീസ്‌ ആരംഭിച്ചതോടെ ഓർഡിനറി സർവീസുകൾ പലതും ഒഴിവാക്കി ബസുകൾ മലബാർ മേഖലയിലേക്ക്‌ മാറ്റാൻ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്‌. സ്വകാര്യ ബസ്‌ സർവീസില്ലാത്ത ദേശീയപാതയിൽ യാത്രക്കാരുടെ ആകെയുള്ള ആശ്രയം കെഎസ്‌ആർടിസിയാണ്‌. സ്‌കൂൾ വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികൾ ഉൾപ്പടെ നുറുകണക്കിനാളുകൾ പകൽ നാലുമുതൽ ആറുവരെ കൊല്ലം– ആര്യങ്കാവ് പാതയിലെ പ്രധാന കേന്ദ്രങ്ങളിൽ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നുണ്ട്‌. എഴുകോൺ ജങ്‌ഷനിൽ സ്‌കൂൾ, പോളിടെക്‌നിക്, ഐടിഐ എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്ന വിദ്യാർഥികൾക്ക്‌ ആകെ ആശ്രയം കെഎസ്‌ആർടിസിയാണ്‌. എന്നാൽ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ എത്തുന്ന ഓർഡിനറി ബസുകളിൽ തിരക്കുമൂലം പലർക്കും കയറാൻ സാധിക്കാറില്ല. ഇതോടെ വിദ്യാർഥികൾ ഇരട്ടി പണം നൽകി ഫാസ്റ്റ്‌ പാസഞ്ചർ ബസിലാണ്‌ യാത്ര. തിരക്കുമൂലം യാത്രക്കാർ തമ്മിൽ സംഘർഷവും നിത്യസംഭവമാണ്‌. കൊല്ലം, കൊട്ടാരക്കര, പുനലൂർ ഡിപ്പോകളിൽനിന്നാണ്‌ തിരക്കുള്ള സമയങ്ങളിൽ അധിക സർവീസുകൾ തുടങ്ങുന്നത്‌. മുമ്പ്‌ ഡിപ്പോ ചുമതലക്കാർ തിരക്ക്‌ മനസ്സിലാക്കി കൊല്ലം ഭാഗത്തേക്കും പുനലൂർ ഭാഗത്തേക്കും രാവിലെയും വൈകിട്ടും പ്രത്യേക ഓർഡിനറി സർവീസ്‌ നൽകിയിരുന്നു. എന്നാൽ, ഇത്തരത്തിൽ സർവീസ്‌ നടത്തേണ്ടതില്ലെന്ന്‌ ചീഫ്‌ ഓഫീസിൽനിന്ന്‌ അറിയിപ്പ്‌ ലഭിച്ചു. ഇതോടെ കൊട്ടാരക്കര– കൊല്ലം റൂട്ടിൽ ഫാസ്‌റ്റ്‌ പാസഞ്ചർ സർവീസ്‌ കൂടാതെ കൊട്ടാരക്കര– കരുനാഗപ്പള്ളി ചെയിൻ സർവീസ്‌ മാത്രമാണ്‌ ആശ്രയം. ഇത്‌ പലപ്പോഴും 30– 45 മിനിറ്റുകൾക്കിടയിലാണ്‌ ഓടുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയം രാവിലെ ഒമ്പതുമുതൽ പകൽ മൂന്നുവരെയാണ്‌. ഈ സമയം ട്രെയിൻ സൗകര്യം ലഭ്യമല്ല. ദേശീയപാതയിലെ പ്രധാന ജങ്‌ഷനുകളിൽ രാവിലെയും വൈകിട്ടുമുള്ള തിരക്ക്‌ പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണണമെന്ന ആവശ്യം ശക്തമാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home