ad
Deshabhimani

print edition ക്രിമിനൽ ക‍ൗൺസിലർക്ക്‌ ജയിലിൽ സത്യപ്രതിജ്ഞ; നാണംകെട്ട്‌ ബിജെപി

sugathan.JPG
avatar
സ്വന്തം ലേഖകൻ

Published on Jul 15, 2026, 01:26 AM | 2 min read

തൃശൂർ: കാപ്പ കേസ്‌ പ്രതിയായ ബിജെപി ക‍ൗൺസിലർക്ക്‌ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ക‍ൗൺസിലർ ആർ സുഗതനാണ്‌ തിങ്കളാഴ്‌ച വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്‌തത്‌. കേരളത്തിലെ ആദ്യത്തെ സംഭവമാണിത്‌. ക്രിമിനൽകേസിൽ തടവിലാക്കപ്പെട്ടയാൾക്ക്‌ ജയിയിൽ അവസരമൊരുക്കുന്നത്‌ ഇന്ത്യയിൽതന്നെ അപൂർവമാണ്‌. ഹൈക്കോടതി നിർദേശപ്രകാരമാണ്‌ നടപടി.


ഒരു സ്വതന്ത്രന്റെ പിന്തുണയോടെ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയ ബിജെപി ഭരണം നിലനിർത്താനുള്ള പെടാപ്പാടിലാണ്‌. അതുകൊണ്ടാണ്‌ കൊടുംക്രിമിനലായ ക‍ൗൺസിലർക്കുവേണ്ടി നിയമപോരാട്ടം നടത്തി ജയിനുള്ളിലും സത്യപ്രതിജ്ഞയ്‌ക്ക്‌ അവസരമൊരുക്കാനായി അപേക്ഷിച്ചത്‌. ഇതിന്‌ യുഡിഎഫ്‌ സർക്കാരും ഒത്താശ ചെയ്തു. ചൊവ്വ പകൽ 11ന്‌ ജയിൽ ലൈബ്രറിഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മേയർ വി വി രാജേഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാർ ചട്ടംലംഘിച്ച്‌ ബലിദാനികളുടെയും മറ്റും പേരിൽ നടത്തിയ സത്യപ്രതിജ്ഞ എൽഡിഎഫിന്റെ പരാതിയെത്തുടർന്ന്‌ ഹൈക്കോടതി അസാധുവാക്കിയിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന്‌ കോടതി നിർദേശിച്ചെങ്കിലും ജയിലിലായ സുഗതന്‌ അവസരം ലഭിച്ചിരുന്നില്ല.


നാണംകെട്ട്‌ ബിജെപി


ക്രിമിനൽ ക‍ൗൺസിലറെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യിച്ചതിലൂടെ ‘തങ്ങൾ വിജയിച്ചു’ എന്നു പ്രചരിപ്പിക്കുന്ന ബിജെപി ജനങ്ങൾക്കുമുന്നിൽ അപഹാസ്യരായി. കേരളത്തിൽ ആദ്യമായി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്‌ത ജനപ്രതിനിധിയുടെ പാർടിയെന്ന ദുഷ്‌പേരാണ്‌ ബിജെപിക്ക്‌ ഇതിലൂടെ സ്വന്തമായത്‌. ഒപ്പം ക്രിമിനൽകേസ്‌ പ്രതിയെ സംരക്ഷിച്ച്‌, ഭരണം നിലനിർത്തുന്ന പാർടിയെന്ന അപഖ്യാതിയും. സുഗതനെ ജയിലിൽനിന്നിറക്കി, കോർപറേഷനിലെത്തിച്ച്‌ സത്യപ്രതിജ്ഞ ചെയ്യിക്കുമെന്ന്‌ ബിജെപി നേതാക്കൾ വെല്ലുവിളിച്ചിരുന്നു. പക്ഷേ നിയമം വിലയ്‌ക്കുവാങ്ങാൻ കഴിഞ്ഞില്ല. സംസ്ഥാന സർക്കാർ ഒത്താശ ചെയ്‌തില്ലായിരുന്നെങ്കിൽ ഭരണം തന്നെ പ്രതിസന്ധിയിലായേനെ.


ഒരു മേയർ ഒ‍ൗദ്യോഗിക വസ്‌ത്രമിട്ട്‌ ജയിലിൽ കാത്തിരിക്കുന്നത്‌ കേരളം ആദ്യമായി കണ്ടു. ഒരു സത്യപ്രതിജ്ഞാവേദിയിൽ ജയിൽ അധികൃതർ കാവലിരിക്കുന്നതും മലയാളികൾക്ക്‌ പുതിയ കാഴ്‌ച. സത്യപ്രതിജ്ഞ ചെയ്യേണ്ട ജനപ്രതിനിധിയുടെ കേസും ശിക്ഷയും ഉൾപ്പെടെ വിളിച്ചുപറഞ്ഞ്‌ ക്ഷണിക്കുന്നതും ആദ്യത്തെ കാഴ്‌ച. സത്യപ്രതിജ്ഞയ്‌ക്കായി സെല്ലിൽനിന്നിറക്കിയ സുഗതനെ ചടങ്ങ്‌ അവസാനിച്ചയുടൻ തിരിച്ചുകൊണ്ടുപോയി. മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയറും സ്ഥിരം സമിതി അധ്യക്ഷരുമുൾപ്പെടെ തലസ്ഥാനത്തുനിന്ന്‌ വന്പൻ പടതന്നെ വിയ്യൂർ ജയിലിലെത്തി. ഇവരോടൊന്നും സംസാരിക്കാൻ സുഗതനെ ജയിൽ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.


സർക്കാർ–ബിജെപി ഡീൽ: വി കെ സനോജ്‌


ബിജെപി ക‍ൗൺസിലർക്ക്‌ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കിയതിനുപിന്നിൽ യുഡിഎഫ്‌–ബിജെപി ഡീലാണെന്ന്‌ ഡിവൈഎഫ്‌ഐ. മുപ്പത്തിയഞ്ച്‌ സീറ്റ്‌ ലഭിച്ചാൽ തങ്ങൾ കേരളം ഭരിക്കുമെന്ന് ബിജെപി പ്രസിഡന്റായിരിക്കെ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. തങ്ങളുടെ പ്രകടനപത്രികയാണ്‌ ഈ സർക്കാർ നടപ്പാക്കുന്നത്‌ എന്ന് ഇന്നത്തെ ബിജെപി പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറും പറഞ്ഞിട്ടുണ്ട്‌.

യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം നിയമിച്ച തെരഞ്ഞെടുപ്പ്‌ കമീഷണർ, സീനിയർ ഗവണ്മെന്റ്‌ പ്ലീഡർ, മന്ത്രിമാരുടെ ഗൺമാൻമാർ തുടങ്ങിയവരെല്ലാം അറിയപ്പെടുന്ന ആർഎസ്‌എസുകാരാണ്‌ എന്ന് കോൺഗ്രസ്‌ നേതാക്കൾ തന്നെ ആരോപിക്കുന്നു. ഇതിലൂടെ തങ്ങൾക്ക്‌ കേരളം ഭരിക്കാൻ മൂന്നുസീറ്റുമതിയെന്ന്‌ ബിജെപി തെളിയിക്കുകയാണെന്ന്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ പ്രസ്‌താവനയിലൂടെ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home