ad
Deshabhimani

ആശങ്കയിൽ മിഠായിത്തെരുവിലെ വ്യാപാരികൾ

തീയണയ്‌ക്കാൻ ഇനി ആരെത്തും

fire
വെബ് ഡെസ്ക്

Published on Jul 15, 2026, 02:11 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ബീച്ച്‌ ഫയർ സ്‌റ്റേഷനിലെ അവസാന യൂണിറ്റും മീഞ്ചന്തയിലേക്ക്‌ മാറ്റിയതോടെ മിഠായിത്തെരുവിലെ വ്യാപാരികൾ ആശങ്കയിൽ. മിഠായിത്തെരുവിന്റെ വിവിധ ഭാഗങ്ങളിലായി 1800ഓളം സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളുമായി മൂവായിരത്തിലധികം കടമുറികളാണ്‌ പ്രവർത്തിക്കുന്നത്‌. ഇടയ്‌ക്കിടെ ചെറുതും വലുതുമായ തീപിടിത്തങ്ങളുണ്ടാകുന്പോൾ മിനിറ്റുകൾക്കുള്ളിലെത്തി തീയണച്ചിരുന്നത്‌ നഗരത്തിലെ -ഫയർ ഫോഴ്‌സ്‌ യൂണിറ്റാണ്‌. വലിയ തീപിടിത്തമാണെങ്കിൽമാത്രം സമീപ പ്രദേശങ്ങളിലെ യൂണിറ്റുകളുടെ സഹായം തേടും. എന്നാൽ, ഇനി പെട്ടെന്നൊരു തീപിടിത്തമുണ്ടായാൽ പഴയതുപോലെ ഓടിയെത്താൻ നഗരത്തിൽ ഫയർ സ്‌റ്റേഷൻ ഇല്ല എന്നതാണ്‌ വ്യാപാരികളുടെ നെഞ്ചിടിപ്പുകൂട്ടുന്നത്‌. 2007 ഏപ്രിൽ അഞ്ചിന് രാവിലെയായിരുന്നു മിഠായിത്തെരുവിനെ നടുക്കിയ വലിയ തീപിടിത്തമുണ്ടായത്‌. മിഠായിത്തെരുവിനോട് ചേർന്ന എംപി റോഡിലെ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ ആറുപേർ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയുംചെയ്‌തു. കോടികളുടെ നാശവുമുണ്ടായി. 40 കടകൾ പൂർണമായും 30 കടകൾ ഭാഗികമായും കത്തിനശിച്ചു. നെഞ്ചുലയ്ക്കുന്ന ആ സംഭവം ഇപ്പോഴും മിഠായിത്തെരുവിലെ വ്യാപാരികൾക്ക്‌ പേടിസ്വപ്‌നമാണ്‌. അത്തരം സംഭവങ്ങൾ ആവർത്തിക്കുമോ എന്ന ഭയവും വ്യാപാരികൾക്കുണ്ട്‌. അപകടങ്ങളിൽ താങ്ങായിരുന്ന ഫയർ സ്‌റ്റേഷൻ യ‍ൂണിറ്റ്‌ നഗരംവിട്ടതിൽ വലിയ പ്രതിഷേധമുണ്ട്‌. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളുമായി ചേർന്ന്‌ കൂടിയാലോചിച്ചുവേണമായിരുന്നു മാറ്റമെന്നാണ്‌ ഭൂരിഭാഗം പേരുടെയും അഭിപ്രായം. മിഠായിത്തെരുവിൽ തീയണക്കാനായി സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ചെറിയ തീപിടിത്തങ്ങളിൽ ഇത്‌ പ്രയോജനപ്പെടുത്താം. നഗരത്തിലെ ഫയർ ഫോഴ്‌സ്‌ യൂണിറ്റ്‌ മാറ്റിയ സാഹചര്യത്തിൽ മോക്‌ഡ്രിൽ സംഘടിപ്പിച്ച്‌ അത്തരം സംവിധാനങ്ങളൊക്കെ ഉപയോഗിച്ച്‌ പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും വ്യാപാരികൾ പറഞ്ഞു. ബഹുനില കെട്ടിടങ്ങളിൽ ഉൾപ്പെടെ കൃത്യമായ ഫയർ ഓഡിറ്റ് നടത്തണം. ഓരോകടകളിലും ലക്ഷങ്ങളുടെ വിൽപ്പന സാധനങ്ങൾ സൂക്ഷിക്കുന്നയിടമാണ്‌ മിഠായിത്തെരുവ്‌. തീയണക്കാനുള്ള സമയം വൈകുംതോറും ഉണ്ടാകാനിടയുള്ള നഷ്‌ടങ്ങൾ വർധിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home