ad
Deshabhimani

കഴുതപ്പാലിൽ കുളിക്കാം ഇതാ സോപ്പ്‌

കഴുത ഫാമിൽ യദുകൃഷ്ണൻ
avatar
ബബിഷ ബാബു

Published on Jul 15, 2026, 02:30 AM | 2 min read

തലശേരി

അന്താരാഷ്ട്ര വിപണിയിൽ ഒരു ലിറ്ററിന് 7000 രൂപ വരെ വിലവരുന്ന ഔഷധഗുണങ്ങളുടെ അപൂർവ കലവറയായ കഴുതപ്പാൽ മലയാളിക്ക് പരിചിതമാക്കുകയാണ് ഒളവിലം സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ടി ടി യദുകൃഷ്ണൻ. വർഷങ്ങൾക്കുമുന്പ്‌ യദു ആരംഭിച്ച കഴുത ഫാം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇന്നത് മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിലൂടെ പുതിയൊരു വിപണി വിപ്ലവത്തിന് വഴിമാറി. യദുവിന്റെ ഫാമിലെ കഴുതപ്പാലിൽനിന്ന്‌ കോൾഡ് പ്രോസസ്‌ വഴി നിർമിക്കുന്ന പ്രകൃതിദത്ത സോപ്പുകൾ ‘മിറാക്കിൾ ഡോങ്കീസ്' എന്ന ബ്രാൻഡിൽ വിപണിയിലേക്ക് എത്തിക്കഴിഞ്ഞു. ലാക്റ്റിക് ആസിഡ്, വിറ്റാമിൻ എ, ആന്റി- ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ കഴുതപ്പാൽ ചർമത്തിന് തിളക്കം നൽകാനും പ്രായം കുറഞ്ഞ ചർമം നിലനിർത്താനും മികച്ചതാണ്. ചർമസംബന്ധമായ മിക്ക പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഈ പ്രകൃതിദത്ത സോപ്പുകൾ. ‘ഡോങ്കി മിൽക്ക് വിത്ത് അലോവേര ആൻഡ് റോസ്മേരി, ഡോങ്കി മിൽക്ക് വിത്ത് ടർമറിക്, ഡോങ്കി മിൽക്ക് വിത്ത് ഹണി, നീം ആൻഡ് തുളസി' എന്നി മൂന്ന് വ്യത്യസ്ത ഇനങ്ങളിലാണ്‌ സോപ്പുകൾ വിപണിയിലെത്തുന്നത്. ഓൺലൈൻ വിൽപനയാണ്‌ കൂടുതലും. കെമിക്കലുകളോ കൃത്രിമ നിറങ്ങളോ സുഗന്ധദ്രവ്യങ്ങളോ ഇല്ലാതെ നൂറു ശതമാനവും പ്രകൃതിദത്തമായാണ് സോപ്പുകൾ തയ്യാറാക്കുന്നത്. 125 ഗ്രാം അളവിലാണ് സോപ്പ്‌. തമിഴ്നാട്ടിൽനിന്നും മറ്റും കഴുതപ്പാൽ എത്തിച്ച് ഇത്തരത്തിൽ സോപ്പ് നിർമാണം നടത്തുന്നവർ വിപണിയിലുണ്ടെങ്കിലും, പാലിന്റെ ശുദ്ധത സംബന്ധിച്ച്‌ കൃത്യതയില്ല. എന്നാൽ സ്വന്തം ഫാമിൽനിന്ന്‌ തത്സമയം ശേഖരിക്കുന്ന പാൽ ഉപയോഗിക്കുന്നതിനാൽ, മായമില്ലാത്ത നൂറു ശതമാനം വിശ്വസനീയമായ ഉൽപ്പന്നമാണ് യദു നൽകുന്നത്‌. വിഎച്ച്എസ്ഇ ഡയറി ഫാർമർ കോഴ്സ് പാസായ യദുകൃഷ്ണൻ, അച്ഛൻ ബാഷിന്റെ കൃഷി വഴികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡയറി ഫാമിങിലേക്ക്‌ തിരിഞ്ഞത്‌. പശു ഫാം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് കഴുതപ്പാലിന്റെ ഔഷധഗുണങ്ങളെക്കുറിച്ചും അതിന്റെ ഉയർന്ന വിപണി സാധ്യതകളെക്കുറിച്ചും യദു അറിയുന്നത്. തുടർന്ന് രണ്ടുവർഷം മുന്പ്‌ തമിഴ്‌നാട്ടിൽനിന്നെത്തിച്ച 20 കഴുതകളുമായി തുടങ്ങിയ ഫാമിൽ നാടൻ ഇനങ്ങളും ഹൈബ്രിഡ് ഇനങ്ങളുമുണ്ട്. കറവയുള്ളവയെ കൃത്യമായി പരിചരിച്ചും തീറ്റയിലും വെള്ളത്തിലും അതീവ ശ്രദ്ധ പുലർത്തിയുമാണ് ഫാം പരിപാലിക്കുന്നത്. കഴുതപ്പാലിന്റെ വിപണന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സോപ്പ് നിർമാണത്തിലേക്ക് തിരിഞ്ഞത്. പയ്യന്നൂരിലെ സോപ്പ് ഉൽപ്പാദന യൂണിറ്റുമായി സഹകരിച്ചാണ് സോപ്പുകളുടെ നിർമ്മാണം. ‘ബാലാമൃതം’ വീട്ടിൽ പിതാവിനും അമ്മ ദീപ്തിക്കും സഹോദരനുമൊപ്പം താമസിച്ച്, തന്റെ സ്വപ്നങ്ങൾക്ക് കഠിനാധ്വാനത്തിലൂടെ നിറം പകരുകയാണ്‌ യദുകൃഷ്ണൻ. ഇ‍ൗചെറുപ്പക്കാരൻ കൃഷിയിലെ പുതുസാധ്യതകൾ തേടുന്നവർക്ക്‌ വലിയൊരു മാതൃകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home