ad
Deshabhimani

print edition ഫ്രഞ്ച്‌ വമ്പിനെ സ്‌പാനിഷ്‌ പട തീർത്തു

spain 1.JPG

Selección Española de Fútbol (SeFutbol) www.facebook.com/photo

വെബ് ഡെസ്ക്

Published on Jul 15, 2026, 02:51 AM | 1 min read

ഡാലസ്‌: കൊമ്പുകുലുക്കിയെത്തിയ ഫ്രഞ്ച്‌ വമ്പിനെ സ്‌പാനിഷ്‌ പട തീർത്തു. ലോകകപ്പ്‌ ഫുട്‌ബോൾ സെമിയിൽ രണ്ട്‌ ഗോളിനാണ്‌ യൂറോ ചാന്പ്യൻമാരുടെ ജയം. പെനൽറ്റിയിലൂടെ മിക്കേൽ ഒയർസബാൽ ആദ്യപകുതിയിൽതന്നെ ഫ്രഞ്ച്‌ വീര്യം കെടുത്തി. ഇടവേളയ്‌ക്കുശേഷം പ്രതിരോധക്കാരൻ പെഡ്രോ പോറോ സ്‌പാനിഷ്‌ ജയം പൂ‍ർത്തിയാക്കി. 2010നുശേഷം ആദ്യമായാണ്‌ ഫൈനൽ. ചരിത്രത്തിലെ രണ്ടാം ഫൈനൽ കൂടിയാണ്‌ മുൻ ചാന്പ്യൻമാർക്ക്‌.


ഗ്രൂപ്പ്‌ ഘട്ടത്തിലും നോക്ക‍ൗട്ടിലും എതിരാളികളെ തച്ചുതകർത്ത്‌ മുന്നേറിയ ഫ്രാൻസിന്‌ സ്‌പെയ്‌നിന്റെ തന്ത്രങ്ങൾക്ക്‌ മുന്നിൽ അടിതെറ്റി. റോഡ്രിയുടെ നേതൃത്വത്തിൽ സ്‌പെയ്‌ൻ പാസുകളൊഴുക്കി. കിലിയൻ എംബാപ്പെയും ഉസ്‌മാൻ ഡെംബെലെയും മിക്കേൽ ഒലീസെയും ഉൾപ്പെട്ട ഫ്രഞ്ച്‌ മുന്നേറ്റത്തിന്‌ പന്ത്‌ നൽകാതെ സ്‌പെയ്‌ൻ കളിനെയ്‌തു. ഇതിനിടെയാണ്‌ മാർക്‌ കുകുറെല്ലയുടെ നീളൻ ക്രോസ്‌ ഫ്രഞ്ച്‌ ബോക്‌സിലേക്ക്‌ പറന്നെത്തുന്നത്‌. ലമീൻ യമാൽ ഓടിയടുത്തു. പ്രതിരോധക്കാരൻ ലൂ‍ക്കാസ്‌ ഡിന്യെ ബോക്‌സിൽനിന്ന്‌ പന്തടിച്ചകറ്റാനായി കാൽ വീശി. പക്ഷേ, പന്തിന്‌ പകരം യമാലിന്റെ ദേഹത്താണ്‌ തട്ടിയത്‌. പെനൽറ്റി. ഒയർസബാലിന്റെ ആത്മവിശ്വാസത്തോടെയുള്ള കിക്ക്‌ ഫ്രഞ്ച്‌ ഗോൾകീപ്പർ മിക്കേൽ മയിന്യാന്‌ തടയാനായില്ല. ടൂർണമെന്റിൽ ആദ്യമായി തുടക്കത്തിൽ ഗോൾ വഴങ്ങിയതിന്റെ അന്പരപ്പ്‌ ഫ്രാൻസിനെ ബാധിച്ചു. വരയ്‌ക്കരികിൽ പരിശീലകൻ ദിദിയർ ദെഷാമിന്റെ തന്ത്രങ്ങൾ ഫലം കണ്ടില്ല. തുടർച്ചയായ മൂന്നാം ഫൈനലെന്ന ഫ്രഞ്ച്‌ സ്വപ്‌നം പൊലിയാൻ തുടങ്ങി.


ഫ്രഞ്ചിന്റെ തിരിച്ചടി അവിടെ അവസാനിച്ചില്ല. പ്രതിരോധത്തിലെ മിടുക്കൻ വില്യം സാലിബ പരിക്കേറ്റ്‌ മടങ്ങിയതോടെ ഫ്രാൻസിന്റെ പോരാട്ടം അവസാനിച്ചു. ഇടവേളയ്‌ക്കുശേഷവും സ്‌പെയ്‌ൻ മുന്നേറി. കോച്ച്‌ ലൂയിസ്‌ ഡാ ലെ ഫുയന്റെ തന്ത്രങ്ങളൊരുക്കി. പ്രതിരോധത്തിൽ അയ്‌മെറിക്‌ ലപോർട–പ‍ൗ കുബാർസി സഖ്യം എംബാപ്പെയെ ബോക്‌സിനകത്തേക്ക്‌ കടത്തിവിട്ടില്ല. മിക്കേൽ ഒലീസെയും ഉസ്‌മാൻ ഡെംബെലെയും നിറംകെട്ടു. ഇതിനിടെ സ്‌പെയ്‌ൻ രണ്ടാംഗോളുമായി ജയം പൂർത്തിയാക്കി. ഡാനി ഒൽമോയുടെ നീക്കത്തിൽ പോറോയുടെ മിന്നൽക്കുതിപ്പ്‌. സ്‌പെയ്‌ൻ ചരിത്രംകുറിച്ചു. ഞായറാഴ്‌ച രാത്രി 12.30ന്‌ നടക്കുന്ന ഫൈനലിൽ അർജന്റീനയോ ഇംഗ്ലണ്ടോ ആയിരിക്കും എതിരാളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home