ad
Deshabhimani

കെഎസ്‌ആർടിസിയിൽ 34 ജീവനക്കാരെയും തിരിച്ചെടുത്തു

കെഎസ്ആർടിസി
വെബ് ഡെസ്ക്

Published on Jul 15, 2026, 02:30 AM | 1 min read

കാസർകോട്‌

കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽനിന്ന് അകാരണമായി പിരിച്ചുവിട്ട 34 ജീവനക്കാരെയും തിരിച്ചെടുത്തു. ജീവനക്കാരുടെയും തൊഴിലാളി യൂണിയനുകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്‌ അധികൃതർ നിലപാട് മാറ്റിയത്‌. എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുവഴി നിയമിതരായ കാസർകോട്‌ ഡിപ്പോയിലെ 22 പേരെയും കാഞ്ഞങ്ങാട്‌ ഡിപ്പോയിലെ 12 പേരെയുമാണ് ഒരു കാരണവുമില്ലാതെ കഴിഞ്ഞ അഞ്ച്‌ മുതൽ ജോലിയിൽനിന്ന് പുറത്താക്കിയത്. ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുകാരണം സർവീസ് മുടങ്ങുന്നത്‌ പതിവായതിനെതുടർന്നാണ്‌ ചീഫ് ഓഫീസിന്റെ അനുമതിയോടെ എംപ്ലോയ്മെന്റ് എക്ചേഞ്ചുവഴി അഭിമുഖം നടത്തിയാണ്‌ ജീവനക്കാരെ നിയമിച്ചത്‌. 600ലധികം പേരിൽനിന്ന് പ്രാക്ടിക്കൽ ഡ്രൈവിങ് ടെസ്റ്റുൾപ്പെടെ നടത്തിയാണ്‌ യോഗ്യരായ 50 പേരെ കണ്ടെത്തിയത്. കാസർകോട്‌, കാഞ്ഞങ്ങാട് ഡിപ്പോകളിലായി 34 പേരെ നിയമിച്ചു. ഇവർക്ക്‌ കോഷൻ ഡിപ്പോസിറ്റായി 10000 രൂപയും അടക്കേണ്ടിവന്നു. ജൂൺ 22 നാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ജൂലൈ നാല്‌ വരെ ജോലിചെയ്തു. ഭൂരിഭാഗംപേരും നിലവിലുള്ള ജോലി ഉപേക്ഷിച്ചാണ്‌ കെഎസ്ആർടിസിയിൽ കയറിയത്‌. പുതിയ ജീവനക്കാർക്കായുള്ള ടി– നമ്പർ ലഭിക്കാതിരുന്നതിനാൽ ഇനി ജോലിക്കുവരേണ്ടെന്നായിരുന്നു അറിയിപ്പ്‌. ചീഫ് ഓഫീസിൽനിന്ന് വന്ന ‘ഫോൺ ഉത്തരവ്‌’ പ്രകാരമാണ്‌ പുറത്താക്കിയത് എന്നായിരുന്നു ഡിപ്പോ അധികൃതർ അറിയിച്ചത്‌. ഇതേ ചീഫ് ഓഫീസിൽനിന്നാണ് തിരിച്ചെടുക്കാനും ഫോൺ ഉത്തരവ് വന്നത്‌. ജീവനക്കാർ കുറഞ്ഞതോടെ അന്തർ ജില്ലാ സർവീസ്‌ ഉൾപ്പെടെ താറുമാറായിരുന്നു. സുതാര്യമായ നിലയിൽ നടന്ന എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയുള്ള നിയമനം അട്ടിമറിച്ച് പിൻവാതിലിലൂടെ പണം വാങ്ങി സ്വന്തക്കാരെ നിയമിക്കാനുള്ള ഭരണക്കാരുടെ ഇടപെടലാണ് നടന്നതെന്ന്‌ സംശയിക്കുന്നു. നിലവിൽ കാസർകോട്‌ ഡിപ്പോയിൽ 27 കണ്ടക്ടർമാരുടെയും 17 ഡ്രൈവർമാരുടെയും കുറവുണ്ട്‌. കാഞ്ഞങ്ങാട്‌ രണ്ടു തസ്‌തികകളിലായി 15 ലധികം ജീവനക്കാരുടെ കുറവുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home