ഒഴിവായത് വൻ ദുരന്തം
ലോറി മറിഞ്ഞുവീണ് വീട് തകർന്നു

രാജപുരം
കുറ്റിക്കോൽ കളക്കരയിൽ ലോറി മറിഞ്ഞു വീണ് വിട് തകർന്നു. കഴിഞ്ഞ ദിവസം കുറ്റിക്കോൽ ചുള്ളിക്കര റോഡിൽ കളക്കര വളവിൽ അടക്കയുമായി വന്ന ലോറിയാണ് നിയന്ത്രണംവിട്ട് നാരായണന്റെ വീടിന് മുകളിലേക്ക് മറിഞ്ഞത്. വൻ ദുരന്തമാണ് ഒഴിവായത്. കുണ്ടംകുഴിയിൽനിന്ന് അടക്ക കയറ്റി കറുത്തോട്ടിപ്പാറ, കൊട്ടോടി വഴി കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. റോഡരികിലെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് പൂർണമായും തകർന്നു. അപകടസമയത്ത് വീട്ടുകാർ സമീപത്തെ ഷെഡ്ഡിലായിരുന്നതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെയും ക്ലീനറെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന അടക്കാച്ചാക്കുകൾ പൊട്ടി റോഡിലും പരിസരത്തുമായി ചിതറി വീണു. കളക്കര വളവിൽ ഇതിനുമുമ്പും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. കൊട്ടോടിയിലെ ഒരു മത്സ്യവ്യാപാരി ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. മറ്റൊരു ബോർവെൽ വണ്ടിയും കർണാടകയിൽനിന്ന് ശർക്കര കയറ്റി വന്ന ലോറിയും ഇതേ സ്ഥലത്ത് മറിഞ്ഞിരുന്നു. റോഡിലെ അശാസ്ത്രീയമായ നിർമാണം സംബന്ധിച്ച് അധികൃതർക്ക് നിരവധി പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് എൻജിനീയർമാർ വന്ന് പരിശോധന നടത്തി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെങ്കിലും, ഭരണാനുമതി ലഭിക്കാത്തതാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ റോഡ് സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.










0 comments