ad
Deshabhimani

വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്‌

നിക്ഷേപകർ പ്രതിഷേധവുമായി ഏകോപന സമിതി ഓഫീസിൽ

തട്ടിപ്പിന്‌ ഇരയായ നിക്ഷേപകർ തലശേരി വ്യാപാരഭവന്‌ മുന്നിൽ
വെബ് ഡെസ്ക്

Published on Jul 15, 2026, 02:30 AM | 1 min read

തലശേരി

​വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പിനിരയായവർ പ്രതിഷേധവുമായി ഗുഡ്‌സ്‌ ഷെഡ്‌റോഡിലെ ഓഫീസിൽ. ചൊവ്വ പകൽ പതിനൊന്നോടെയാണ്‌ നിക്ഷേപകർ എത്തിയത്‌. സന്പാദ്യമാകെ നഷ്ടമായവർ നീതി തേടി ഏകോപന സമിതി നേതാക്കളെ കണ്ടു. നിക്ഷേപകരുമായുള്ള ചർച്ചയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജവാദ്‌ അഹമ്മദ്‌, ട്രഷറർ പി കെ നിസാർ എന്നിവർ പങ്കെടുത്തു. ​സ്ഥാപനം പൂട്ടി ഒളിവിൽ പോയ സെക്രട്ടറി പിണറായി പടന്നക്കരയിലെ ജ്യോജിഷിനുമേൽ എല്ലാകുറ്റവും ചുമത്തി കൈകഴുകാനാണ്‌ നേതാക്കൾ ശ്രമിച്ചത്‌. പ്രസിഡന്റ്‌ ഒപ്പിടാത്ത നിക്ഷേപ സർട്ടിഫിക്കറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു വാദം. സംഘം സെക്രട്ടറിയെ പിടിച്ചുകൊടുക്കാൻ നിക്ഷേപകരുടെ സഹായവും തേടി. സഹകരണ സംഘത്തിൽ എത്തിയാണ്‌ നിക്ഷേപത്തുക നൽകിയതെന്നും ഉത്തരവാദിത്വം സംഘം ഭരണസമിതിക്കും വ്യാപാരി വ്യവസായി ഏകോപന സമിതിക്കുമാണെന്നും നിപേക്ഷകർ പറഞ്ഞു. ​ഉയർന്ന പലിശ വാഗ്‌ദാനത്തിൽ വിശ്വസിച്ചവരാണ്‌ തട്ടിപ്പിനിരയായത്‌. സംഘം പൂട്ടി സെക്രട്ടറി ജ്യോജിഷ്‌ മുങ്ങി ഒരാഴ്‌ച കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാനും നിക്ഷേപകർക്ക്‌ നീതി ഉറപ്പുവരുത്താനും വ്യാപാരി വ്യവസായി ഏകോപന സമിതിക്കോ പൊലീസിനോ സാധിച്ചിട്ടില്ല. സംഘം സെക്രട്ടറിക്കെതിരെ പരാതി നൽകാത്തതും ഒത്തുകളിയുടെ ഭാഗമാണെന്ന്‌ സംശയിക്കുന്നു. ഒരു കോടി രൂപയിലേറെ നഷ്ടമായ നാല്‌ പരാതിയിൽ സംഘം സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ പൊലീസ്‌ കേസെടുത്തതല്ലാതെ അന്വേഷണം എങ്ങുമെത്തിയില്ല. സഹകരണ സംഘത്തിൽ ഓഡിറ്റ് നടത്താത്തത് ആറുവർഷമായി. ഇതിനിടെ, ഓഫീസിന്‌ മുന്നിൽനിന്ന്‌ ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകരെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്‌. ​പരാതിയിൽ കേസില്ല, 
ഇത്‌ താൻടാ പൊലീസ്‌ ​പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്ന ആക്ഷേപവുമായി തട്ടിപ്പിനിരയായ നിക്ഷേപകർ. കേസെടുത്താൽ നിക്ഷേപം തിരികെ കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ്‌ പൊലീസ്‌ ഭാഷ്യം. സംസാരിച്ച്‌ തീർക്കുന്നതല്ലേ ഉചിതമെന്ന്‌ പറഞ്ഞ്‌ പരാതിക്കാരെ മടക്കി അയച്ചതും വിവാദമായി. തട്ടിപ്പിന്റെ ഗ‍ൗരവം കണക്കിലെടുത്ത്‌ മതിയായ വകുപ്പ്‌ ചുമത്താനും തയ്യാറായില്ല. ഒത്തുകളിയാണിതെന്ന ഗുരുതര ആരോപണമാണ്‌ ഉയരുന്നത്‌. തലശേരി പൊലീസിൽനിന്ന്‌ നീതി ലഭിക്കാത്ത സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി, ഡിജിപി, സിറ്റി പൊലീസ്‌ കമീഷണർ എന്നിവർക്ക്‌ പരാതി അയക്കാനുള്ള തയ്യാറെടുപ്പിലാണ്‌ നിക്ഷേപകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home