ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു
തുരങ്കപാത അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

സ്വന്തം ലേഖകൻ മുക്കം (സ. പുഷ്പൻ നഗർ) സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാത വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം മാത്രമല്ല, മലബാറിന്റെ വികസനത്തിന്റെ നാഴികക്കല്ലാകുന്ന പദ്ധതിയാണ്. പാത പൂർത്തിയായാൽ ഇരുജില്ലയുടെയും ഗതാഗത, വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര, കാർഷിക മേഖലയുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. താമരശേരി ചുരത്തിന് ബദലായി നിർമിക്കുന്ന പാത കൊച്ചി-–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പദ്ധതിയാണിത്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്തി അന്തിമാനുമതി നേടി. പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി ഉത്തരവും ഇറക്കി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് തുരങ്കപാത നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ പാത അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം റിപ്പോർട്ടിൻമേൽ ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്, കേന്ദ്രകമ്മിറ്റി അംഗം എം ഷാജർ എന്നിവർ മറുപടി നൽകി. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, ആർ രാഹുൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യംചെയ്തു. ടി അതുൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.











0 comments