കെഎംഎംഎൽ തുടർനടപടി ഫയലിൽ
ഖനനത്തിന് ഭൂമി ഏറ്റെടുക്കൽ വൈകുന്നു

കൊല്ലം
ചവറ കെഎംഎംഎല്ലിന്റെ ആവശ്യത്തിന് കരിമണൽ ഖനനം നടത്താൻ നീണ്ടകര പരിമണത്തുനിന്ന് മൂന്നുവർഷത്തേക്ക് 83 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള തുടർനടപടി ഫയലിൽ കുടുങ്ങിയെന്ന് സൂചന. സർക്കാർ മാറിവന്നതോടെ വ്യവസായ, റവന്യൂ വകുപ്പുകൾ ഇക്കാര്യത്തിൽ മൗനംപാലിക്കുയാണ്. കെഎംഎംഎല്ലിന്റെ വികസന പദ്ധതികൾ അടങ്ങുന്ന ഫയലുകളിൽ വ്യവസായ മന്ത്രി അനങ്ങുന്നില്ല. ഭൂമി ഏറ്റെടുക്കാനായി പാട്ടവ്യവസ്ഥയും വിലയും സംബന്ധിച്ച് കെഎംഎംഎല്ലും ഭൂവുടമകളും തമ്മിൽ നേരത്തെ ധാരണയിലെത്തിയതാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായവകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് നീണ്ടകരയിൽ ഖനനത്തിന് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയത്. പാട്ടവില ഉൾപ്പെടെ 500 കോടി രൂപയുടെ പദ്ധതിയാണ് പരിമണത്തിനായി കെഎംഎംഎൽ തയ്യാറാക്കിയത്. ഈ തുക കമ്പനിയുടെ സ്വന്തം ഫണ്ടിൽനിന്നാണ് ചെലവഴിക്കുന്നത്. പാട്ടവില സംബന്ധിച്ച റവന്യു അധികൃതരുടെ നിർദേശം ഭൂവുടമകൾ അംഗീകരിക്കുകയും ഇക്കാര്യം റവന്യു ഉദ്യോഗസ്ഥർ കെഎംഎംഎല്ലിനെ അറിയിക്കുകയും ചെയ്‌തിരുന്നു. വ്യവസ്ഥകളും വിലയും ഭൂവുടമകളും കെഎംഎംഎല്ലും അംഗീകരിച്ചതോടെ പാക്കേജ് തയ്യാറാക്കാനും റവന്യു വകുപ്പ് നടപടി തുടങ്ങിയിരുന്നു. പാക്കേജ് സർക്കാരിനും സമർപ്പിക്കണം. സർക്കാർ അനുമതി നൽകിയാൽ ഉടൻ പാട്ടവില നൽകി ഖനനത്തിന് ഭൂമി ഏറ്റെടുക്കാം. ഭൂമിക്ക് ആകർഷകമായ പാട്ടവില നൽകുന്നതിനൊപ്പം ഖനനശേഷം ഭൂമി മണ്ണിട്ടുനികത്തി ഉടമയ്‌ക്കുതന്നെ മടക്കിനൽകുന്ന പാക്കേജ് തയ്യാറാക്കാനാണ് നേരത്തെയുള്ള തീരുമാനം. ഓടുപാകിയ വീടിനും കോണ്‍ക്രീറ്റ് വീടിനും പ്രത്യേകം നഷ്‌ടപരിഹാരം പാക്കേജിൽ നിർദേശിക്കും. മരം, കൃഷി, ദേവാലയം, വ്യാപാര സ്ഥാപനം, മറ്റ് നിർമിതികൾ എന്നിവയ്‌ക്കും പ്രത്യേകമായി നഷ്‌ടപരിഹാരം നൽകണം. ഖനനശേഷം തിരികെ വരുന്ന താമസക്കാർക്ക് കമ്പനിയുടെ സിഎസ്‌ആർ ഫണ്ടിൽനിന്ന് ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതും കെഎംഎംഎൽ നേരത്തെ പരിഗണിച്ചിരുന്നു. നീണ്ടകര പരിമണത്ത് കെഎംഎംഎൽ നടപ്പാക്കാൻ ധാരണയായത് കരിത്തുറയിൽ ഐആർഇ നടപ്പാക്കിയ പാക്കേജിന് സമാനമായ ആശ്വാസ പദ്ധതിയാണ്. വർഷങ്ങൾക്കുമുമ്പ് കരിമണൽ ഖനനത്തിന് ദേശീയപാതയ്‌ക്ക് സമീപത്ത് കരിത്തുറയിൽ ചവറ ഐആർഇ (ഇന്ത്യൻ റെയർ എർത്ത്) ഭൂമി പാട്ടവ്യവസ്ഥയിൽ ഏറ്റെടുക്കുകയും തിരികെ നൽകുകയും ചെയ്‌തിരുന്നു. അവിടെ ഇപ്പോൾ നിറയെ സുരക്ഷിതമായ വീടുകളാണ്.











0 comments