അരനൂറ്റാണ്ടിന്റെ കനൽവഴികൾ; അവഗണനയുടെ മൈതാനങ്ങളിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഇംഗ്ലീഷ് പെൺപട

ചരിത്രവഴികളിലൂടെ: 1972-ലെ ആദ്യ അന്താരാഷ്ട്ര മത്സരവും (ഇടത്ത്), രണ്ടാം തവണയും യൂറോപ്യൻ കിരീടമുയർത്തി ചരിത്രം കുറിച്ച നിമിഷവും (വലത്ത്).Photo Credit|Getty Images
ലണ്ടൻ: ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം തങ്ങളുടെ ചരിത്രത്തിലെ 500-ാം രാജ്യാന്തര മത്സരം എന്ന അവിസ്മരണീയമായ നേട്ടത്തിനൊരുങ്ങുന്നു. ശനിയാഴ്ച റെയ്ക്യാവിക്കിൽ ഐസ്‌ലൻഡിനെതിരെ ഇറങ്ങുന്നതോടെയാണ് ലയണസ്സുകൾ ഈ നാഴികക്കല്ല് പിന്നിടുന്നത്.
അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാരിന വിഗ്മാനും സംഘവും കളത്തിലിറങ്ങുന്നത്. കേവലം ഒരു മത്സരത്തിനപ്പുറം, വിലക്കുകളിൽ നിന്നും അവഗണനകളിൽ നിന്നും ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഇംഗ്ലീഷ് വനിതകൾ നടത്തിയ അരനൂറ്റാണ്ട് നീണ്ട പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
1921-ൽ സ്ത്രീകൾക്ക് ഫുട്ബോൾ അനുയോജ്യമല്ലെന്ന് വിധിച്ച് ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ നിരോധനം അൻപത് വർഷത്തോളം വനിതാ ഫുട്ബോളിനെ തളച്ചിട്ടിരുന്നു. 1971-ൽ നിരോധനം നീക്കിയ ശേഷം, 1972 നവംബറിൽ സ്കോട്ട്‌ലൻഡിനെതിരെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചത്.
അന്ന് 400 കാണികൾക്ക് മുന്നിൽ നേടിയ 3-2ന്റെ ജയത്തിൽ നിന്നാണ് 500 മത്സരങ്ങൾ പിന്നിടുന്ന ഇന്നത്തെ കരുത്തുറ്റ ടീമിലേക്കുള്ള വളർച്ച തുടങ്ങിയത്.കഴിഞ്ഞ ദശകം ഇംഗ്ലണ്ട് വനിതകളെ സംബന്ധിച്ച് സുവർണ്ണകാലമായിരുന്നു. 2015-ലെ ലോകകപ്പിൽ നേടിയ വെങ്കല മെഡൽ ഇംഗ്ലണ്ടിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര നേട്ടമായി മാറി.
തുടർന്ന് 2022-ൽ സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ ജർമ്മനിയെ കീഴടക്കി കിരീടം നേടിയതോടെ ലയണസ്സുകൾ ലോകശ്രദ്ധ പിടിച്ചുപറ്റി. 2023 ലോകകപ്പിൽ ഫൈനലിൽ എത്തിയെങ്കിലും സ്പെയിനിനോട് പരാജയപ്പെട്ടത് അവർക്ക് കനത്ത തിരിച്ചടിയായിരുന്നു.
എന്നാൽ, 2025-ൽ സ്വിറ്റ്സർലൻഡിൽ നടന്ന യൂറോ കപ്പിൽ സ്പെയിനിനെ തന്നെ വീഴ്ത്തി കിരീടം നിലനിർത്തിയത് ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യത്തിന്റെ തെളിവായി. വിദേശ മണ്ണിൽ ഒരു ഇംഗ്ലീഷ് സീനിയർ ടീം നേടുന്ന ആദ്യ പ്രധാന കിരീടമെന്ന ഖ്യാതിയോടെയാണ് അവർ ഈ കിരീടം സംരക്ഷിച്ചത്. 500-ാം മത്സരത്തിന് തയ്യാറെടുക്കുമ്പോൾ, പഴയ പ്രതിസന്ധികളെല്ലാം അതിജീവിച്ച് ലോകകപ്പ് സ്വപ്നങ്ങളുമായി മുന്നേറുകയാണ് ഈ പെൺപട.









0 comments