വ്യാജവാർത്ത
ഒരുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് മാതൃഭൂമിക്ക് നോട്ടീസ്

കഴക്കൂട്ടം
ആർഎസ്എസുകാർ വെട്ടിക്കൊന്ന ചെമ്പഴന്തി എസ്എൻ കോളേജിലെ എസ്എഫ്ഐ നേതാവ് അജയ്‌യുടെ പേരിലുള്ള സ്‌മാരകനിർമാണത്തിൽ ഫണ്ട് തിരിമറിയെന്ന് വ്യാജവാർത്ത നൽകിയ മാതൃഭൂമി പത്രത്തിന് വക്കീൽ നോട്ടീസ് അയച്ചു. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ പി ജയരാജ് മുഖേനെയാണ് നോട്ടീസ് അയച്ചതെന്ന് സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ഡി രമേശൻ അറിയിച്ചു. വ്യാജവാർത്തയെ ന്യായീകരിക്കാൻ പാർടി ജില്ലാ സെക്രട്ടറി മന്ദിരനിർമാണത്തിന്റെ വരവുചെലവ് കണക്കുകൾ ആവശ്യപ്പെട്ടതായി വീണ്ടും വ്യാജവാർത്ത നൽകി. സിപിഐ എമ്മിനെയും രക്തസാക്ഷിയെയും അവഹേളിക്കാൻ ബോധപൂർവം വാർത്ത ചമയ്ക്കുകയാണ് പത്രം. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടും ഉണ്ടായിട്ടില്ല. പരിശോധിക്കേണ്ട ഘടകങ്ങളിലെല്ലാം പരിശോധിച്ചാണ് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിൽ കണക്ക് അവതരിപ്പിച്ചത്. 29 വർഷംമുന്പ് 1997ൽ അജയ്‌യുടെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരിച്ച് കുടുംബാംഗങ്ങൾക്ക് കൈമാറിയിരുന്നു. ഇപ്പോൾ സിപിഐ എം ചെമ്പഴന്തി ലോക്കൽ കമ്മിറ്റി ഓഫീസിനുവേണ്ടി ഒന്നര സെന്റും അതിലുള്ള കെട്ടിടവും വാങ്ങാൻ പാർടി അംഗങ്ങളിൽനിന്നും വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളിൽനിന്നും ഫണ്ട് ശേഖരിച്ചു. ഇൗ മന്ദിരത്തിന് അജയ് സ്‌മാരകം എന്ന് പേരിടുകയും ചെയ്‌തു. ഇൗ സാഹചര്യത്തിൽ പാർടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ പാർട്ടി അനുഭാവികളും പൊതുസമൂഹവും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









0 comments