കായിക്കരക്കടവ് പാലം: പൈലിങ് അവസാനഘട്ടത്തിൽ

വക്കം ഭാഗത്ത് പുരോഗമിക്കുന്ന കായിക്കരക്കടവ് പാലത്തിന്റെ അവസാനഘട്ട പൈലിങ്

സ്വന്തം ലേഖകൻ
Published on Sep 04, 2026, 11:06 PM | 1 min read
ചിറയിൻകീഴ്
കായിക്കരക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു. അഞ്ചുതെങ്ങ്, -വക്കം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ടിഎസ് കനാലിന് കുറുകെയാണ് പാലം. അഞ്ചുതെങ്ങ് ഭാഗത്തെ പൈലിങ് ജോലികൾ പൂർത്തിയായി. വക്കം ഭാഗത്ത് പൈലിങ് അവസാന ഘട്ടത്തിലാണ്. 222 മീറ്റർ നീളവും 11 മീറ്റർ വീതിയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ നടപ്പാതയും നിർമിക്കും. കായിക്കര ഭാഗത്ത് 248 മീറ്ററും വക്കത്ത് 188 മീറ്റർ അനുബന്ധ റോഡുമുണ്ട്. അഞ്ചുതെങ്ങ് വില്ലേജിലെ 31 ഭൂവുടമകളിൽ നിന്നായി 28.83 ആർ ഭൂമിയും വക്കം വില്ലേജിലെ 13 ഭൂവുടമകളിൽ നിന്നായി 21.60 ആർ ഭൂമിയും ഏറ്റടുത്തു. കിഫ്ബി ഫണ്ടിൽ നിന്ന് 28 കോടിയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ അനുവദിച്ചത്. നഷ്ടപരിഹാരം നൽകി. കായിക്കരയിൽ 22 വീടും വക്കം ഭാഗത്ത് രണ്ട് വീടും അപ്രോച്ച് റോഡിനായി നീക്കം ചെയ്തു. നിലവിൽ അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളിലെത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. വക്കത്തെ ജനങ്ങൾക്ക് റെയിൽവേ ഗേറ്റിൽ കുടുങ്ങാതെ കിലോമീറ്ററുകൾ ലാഭിക്കാനാകും. അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളുടെ മുഖച്ഛായ മാറ്റുന്ന പാലം അടുത്ത വർഷം പകുതിയോടെ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.








0 comments