ജില്ലാ പഞ്ചായത്തംഗത്തിന്റെ മുഖത്തടിച്ച് രമ്യ ഹരിദാസ് എംഎൽഎ

ചിറയിൻകീഴ്: രമ്യ ഹരിദാസ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി അക്രമിച്ചു. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മുഖത്തടിച്ചു. രമ്യ ഹരിദാസിന്റെ അനുയായി കോഴിക്കോട് സ്വദേശിയായ പാളയം പ്രദീപിനെതിരെ കോൺഗ്രസ് പ്രവർത്തകനായ സജാദ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
വെള്ളിയാഴ്‌ച രാത്രി പുളിമൂടുള്ള സജാദിന്റെ വീട്ടിലെത്തിയ രമ്യ ഹരിദാസും സംഘവും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. സംഭവത്തിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് അംഗമായ സജിത്ത് മുട്ടപ്പലത്തിനാണ് മർദനമേറ്റത്. സജിത്തിനെ രമ്യ ഹരിദാസ് തല്ലുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ പകർത്തിയ ആളെയും രമ്യ ആക്രമിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ എംഎൽഎയ്‌ക്കൊപ്പം പാളയം പ്രദീപും പങ്കെടുത്തിരുന്നു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കരാറുകാരും ഉദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെട്ടതായിരുന്നു യോഗം. ചില കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തു.
യോഗത്തിൽ തന്റെ പാർശ്വവർത്തിയും ബിനാമിയുമായ പാളയം പ്രദീപിനെ രമ്യ ഹരിദാസ് പങ്കെടുപ്പിച്ചത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ സജാദ് പ്രതികരിച്ചു.
കോൺട്രാക്ടർമാരിൽനിന്ന് വൻ തോതിൽ ധന സമാഹരണം നടത്തുന്നുണ്ടെന്ന പരാതിയുള്ളപ്പോൾ ജന പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുന്ന യോഗങ്ങളിൽ പ്രദീപിനെ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകില്ലേയെന്നും സജാദ് ചോദിച്ചിരുന്നു.
ഇൗ കുറിപ്പ് പുറത്തുവന്നതോടെ പ്രകോപിതയായ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നു. സജാദിനെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ട് പോകാനും സംഘം ശ്രമിച്ചു. സജാദിന്റെ മകളെക്കൊണ്ട് ബലമായി വാട്‌സ്‌ആപ്പ് കുറിപ്പ് ഉറക്കെ വായിപ്പിച്ചു.
കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത് അടക്കമുള്ളവർ ഇടപെട്ടത്. വീട്ടുഉപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.
അതേസമയം, കോൺഗ്രസ് പ്രാദേശിക നേതാക്കൾ തന്നെ മർദിച്ചെന്ന് ആരോപിച്ച് ചിറയൻകീഴ് ആശുപത്രിയിൽ രമ്യ ഹരിദാസ് ചികിത്സ തേടി. സംഭവത്തിൽ മൊഴി രേഖപ്പെടുത്താനും കേസെടുക്കാനുമാണ് പൊലീസ് നീക്കം.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചര്‍ച്ചയ്ക്കിടെ രമ്യ ഹരിദാസ് പ്രകോപിതയായി എഴുന്നേല്‍ക്കുന്നതും പ്രവര്‍ത്തകനെ മുഖത്തടിക്കുന്നതും കാണാം.










0 comments