ad
Deshabhimani

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്

ലീഗ് നേതൃത്വത്തിനെതിരെ എംഎസ്എഫ്

a
avatar
സ്വന്തം ലേഖകൻ

Published on Sep 05, 2026, 12:10 AM | 1 min read

മലപ്പുറം

മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റിയുടെ പ്രമേയം. കമ്മിറ്റി വിളിച്ചുചേര്‍ക്കാതെ എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്നാണ് പ്രമേയം. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ഈ മാസം ഒന്നിനാണ് എംഎസ്എഫിന്റെ പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചത്. 14 ജില്ലകളിലെയും ഭാരവാഹികളുമായി ആശയവിനിമയം നടത്തിയാണ് കമ്മിറ്റിയെ തീരുമാനിച്ചതെന്നായിരുന്നു അവകാശവാദം.

എന്നാല്‍, സംഘടനയുടെ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്ന് എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റി പ്രമേയത്തിൽ പറഞ്ഞു. "പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്തില്ല. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ കണക്ക് അവതരിപ്പിച്ചിട്ടില്ല. പഞ്ചായത്ത് – മണ്ഡലം തലങ്ങളിൽപോലും പ്രവർത്തന പരിചയമില്ലാത്തവരെ സംസ്ഥാന ഭാരവാഹികളായി പ്രഖ്യാപിച്ചത് ചോദ്യം ചെയ്യപ്പെടും' –വ്യാഴാഴ്ച മണ്ഡലം കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

മുന്‍ സംസ്ഥാന വൈസ് പ്രസിഡ‍ന്റും പാലക്കാട് സ്വദേശിയുമായി ഷറഫുദ്ദീന്‍ പിലാക്കലിനെയാണ് പുതിയ പ്രസിഡന്റാക്കിയത്. കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന സ്വാഹിബ് മുഹമ്മദാണ് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്ന റാഷിദ് കോക്കൂരിനെ ട്രഷററുമാക്കി. 11 വൈസ് പ്രസിഡന്റുമാരും 10 സെക്രട്ടറിമാരുമുണ്ട്. നേരത്തെ പിഎം ശ്രീ വിഷയത്തിലും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലും ലീഗ് നേതൃത്വത്തിന്റെ നിലപാടിനെ എംഎസ്എഫ്, യൂത്ത് ലീഗ് സംഘടനകള്‍ പരസ്യമായി എതിര്‍ത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home