തെരുവുനായ ആക്രമണം: അഞ്ചുവയസ്സുകാരനടക്കം പരിക്ക്

വെഞ്ഞാറമൂട്
മുതുവിള, മുളമുക്ക് പ്രദേശങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് അഞ്ചുവയസ്സുകാരനടക്കം അഞ്ചുപേർക്ക് പരിക്ക്. കല്ലറ പാറമുകള്‍ തടത്തരികത്ത് പുത്തന്‍ വീട്ടില്‍ റംസീന (31), മകന്‍ മുഹമ്മദ് സിദാന്‍ (5), മുളമുക്ക് സ്വദേശികളായ രേഖ, ശ്യാമള, ഉഷ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. വ്യാഴം വൈകിട്ട് അഞ്ചിനാണ് സിദാനെ നായ ആക്രമിച്ചത്. ഉപ്പയെ നോക്കാൻ വീടിന് പുറത്തിറങ്ങിയ സിദാനെ പുരയിടത്തിലൂടെ ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ് റംസീനയ്‌ക്ക് കടിയേറ്റത്. റംസീനയുടെ വലത് കൈയിലും സിദാന്റെ ഇടത് കൈയിലും ആഴത്തില്‍ മുറിവുണ്ട്. കൂടാതെ വീണ് സിദാന്റെ കൈക്ക് പൊട്ടലും സംഭവിച്ചു. അയൽവാസികളെത്തിയാണ് ഇവരെ രക്ഷിച്ചത്. ഇരുവരും കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. മറ്റുള്ളവര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവയ്‌പുമെടുത്തു.നായക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ സംശയിക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. കല്ലറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ നടപടിയെടുത്തിട്ടില്ല.








0 comments