ad
Deshabhimani

print edition ഇം​ഗ്ലണ്ടിന്റെ ഹാപ്പി ജൂഡ്

Jude bellingham

ജൂഡ്‌ ബെല്ലിങ്‌ഹാം (Photo: facebook)

വെബ് ഡെസ്ക്

Published on Jul 13, 2026, 12:14 AM | 1 min read

മയാമി: ‘ഹേയ്‌ ജൂഡ്‌..പ്രിയ ജൂഡ്‌’...ഫൈനൽ വിസിലിനുശേഷം മയാമി സ്‌റ്റേഡിയം ഒന്നിച്ചുപാടി. കൈയടിച്ചും ആർപ്പുവിളിച്ചും ഇംഗ്ലീഷ്‌ ആരാധകർ മതിമറന്നു. നോർവെയ്‌ക്കെതിരായ ക്വാർട്ടറിൽ വിജയശിൽപ്പിയായ ജൂഡ്‌ ബെല്ലിങ്‌ഹാമിനെ വാഴ്‌ത്തി. ഡേവിഡ്‌ ബെക്കാം ഉൾപ്പെടെ മുൻതാരങ്ങളും അതേറ്റുപിടിച്ചു. 2018നുശേഷം ആദ്യ സെമിയിലേക്ക്‌ ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തിയതിൽ മധ്യനിരക്കാരന്റെ പങ്ക്‌ ചെറുതല്ല. ആറ്‌ കളിയിൽ ആറ്‌ ഗോളാണ്‌. ഒരു അവസരവും ഒരുക്കി. നാല്‌ മത്സരങ്ങളിൽ പ്ലെയർ ഓഫ്‌ ദ മാച്ചുമായി.


അവസാന രണ്ട്‌ കളിയിലും ഇരട്ടഗോൾ. ലോകകപ്പ്‌ നോക്ക‍ൗട്ടിൽ തുടർച്ചയായി രണ്ട്‌ മത്സരങ്ങളിൽ ഇരട്ട ഗോളടിക്കുന്ന അഞ്ചാമത്തെ താരമാണ്‌ ബെല്ലിങ്‌ഹാം. അർജന്റീനയുടെ ദ്യേഗോ മാറഡോണയാണ്‌ (1986ൽ) അവസാനമായി തുടർച്ചയായി ഇരട്ടഗോളടിച്ചത്‌. പെലെയ്‌ക്കും (1958) ഇ‍ൗ റെക്കോഡുണ്ട്‌. 23 വയസ്സാണ്‌ ബെല്ലിങ്‌ഹാമിന്‌. പ്രായത്തെ വെല്ലുന്ന പക്വതയും പ്രകടനവുമാണ്‌ കളത്തിൽ. ഇത്‌ രണ്ടാം ലോകകപ്പാണ്‌.


ഇത്തവണ ക്രൊയേഷ്യക്കെതിരെ ആദ്യ കളിയിൽ തന്നെ ഗോളടിച്ച്‌ നയം വ്യക്തമാക്കി. പരിശീലകൻ തോമസ്‌ ടുഷെലിന്റെ പദ്ധതികളിൽ പ്രധാന സ്ഥാനമാണ്‌. മധ്യനിരയിൽ ഇംഗ്ലീഷ്‌ മുന്നേറ്റത്തിന്റെ കടിഞ്ഞാൺ ബെല്ലിങ്‌ഹാമിനാണ്‌. കളിയുടെ താളവും വേഗവുമെല്ലാം ഇ‍ൗ യുവതാരം നിർവചിക്കും. മധ്യനിരക്കാരനായിട്ടും ഗോൾവേട്ടക്കാരിൽ നാലാമതുണ്ട്‌. ആദ്യ പത്ത്‌ സ്ഥാനത്ത്‌ മറ്റൊരു മധ്യനിരക്കാരനുമില്ല. നേടിയ ഗോളിൽ ഒന്നും പെനൽറ്റിയല്ലെന്നതും ശ്രദ്ധേയമാണ്‌. സ്‌പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡ്‌ താരമാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home