സൗദിയും ഖത്തറും ലോകകപ്പിന് ; ഇംഗ്ലണ്ട് കുതിച്ചു

റിഗ (ലാത്വിയ): ലോകകപ്പ് ഫുട്‌ബോളിന് യൂറോപ്പിൽനിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ലാത്വിയയെ അഞ്ച് ഗോളിന് തകർത്താണ് മുൻ ചാമ്പ്യൻമാർ ടിക്കറ്റെടുത്തത്. 1966ലാണ് ഇംഗ്ലീഷുകാരുടെ ഏക കിരീടനേട്ടം. ഇംഗ്ലണ്ട് ഉൾപ്പെടെ ആറ് ടീമുകളാണ് അടുത്ത വർഷം അമേരിക്കയിലും കനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിന് ഒറ്റദിവസം യോഗ്യത നേടിയത്. ഏഷ്യയിൽനിന്ന് ഖത്തർ, സൗദി അറേബ്യ, ആഫ്രിക്കയിൽനിന്ന് ദക്ഷിണാഫ്രിക്ക, സെനഗൽ, ഐവറികോസ്റ്റ് ടീമുകളും മുന്നേറി. 48 ടീമുകൾ അണിനിരക്കുന്ന കാൽപ്പന്ത് മാമാങ്കത്തിൽ ഇതുവരെ 28 ടീമുകൾ യോഗ്യത ഉറപ്പിച്ചു.
യൂറോപ്യൻ മേഖലയിൽ ഗ്രൂപ്പ് കെയിൽ ആറ് കളിയും ജയിച്ച് 18 പോയിന്റോടെയാണ് ഇംഗ്ലണ്ട് കുതിച്ചത്. ലാത്വിയക്കെതിരെ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇരട്ടഗോളടിച്ചു. ആന്റണി ഗോഡൻ, എബ്രെഷി എസെ എന്നിവരും ലക്ഷ്യം കണ്ടു. മറ്റൊന്ന് മാക്‌സിംസ് ടൊണിയെവ്‌സിന്റെ പിഴവിൽനിന്നായിരുന്നു. യുഎഇയെ 2–1ന് മറികടന്നാണ് ഖത്തർ തുടർച്ചയായ രണ്ടാം ലോകകപ്പിനെത്തുന്നത്. കഴിഞ്ഞതവണ ആതിഥേയരെന്ന ആനുകൂല്യമായിരുന്നെങ്കിൽ ഇത്തവണ കളിച്ചുനേടി. ഗ്രൂപ്പ് എയിൽ രണ്ട് കളിയിൽ നാല് പോയിന്റാണ്. സൗദി തുടർച്ചയായ മൂന്നാം ലോകകപ്പിനാണ്.
ഇറാഖുമായി ഗോൾരഹിത സമനില വഴങ്ങിയെങ്കിലും അറബ് ടീം മുന്നേറി. ഗ്രൂപ്പ് ബിയിൽ നാല് പോയിന്റാണ്. പതിനാറ് വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. 2010ൽ ആതിഥേയരായപ്പോഴായിരുന്നു അവസാനമായി കളിച്ചത്. നാലാം ലോകകപ്പാണ്. റവാണ്ടയെ 3–0ന് തകർത്താണ് യോഗ്യത. സി ഗ്രൂപ്പിൽ 10 കളിയിൽ 18 പോയിന്റാണ്. സെനഗലിന് ഹാട്രിക് ലോകകപ്പാണ് ഇത്തവണ. മൗറിത്താനിയയെ നാല് ഗോളിന് കീഴടക്കിയാണ് മുന്നേറ്റം. ബി ഗ്രൂപ്പിൽ 10 കളിയിൽ 24 പോയിന്റുണ്ട്. നാലാം ലോകകപ്പ് കൂടിയാണ്. എഫ് ഗ്രൂപ്പിൽ 26 പോയിന്റുമായാണ് കരുത്തരായ ഐവറികോസ്റ്റ് നാലാം ലോകകപ്പിനെത്തുന്നത്. 12 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് യോഗ്യത.








0 comments