print edition മെക്സികോയെ തോൽപ്പിച്ച് ഇംഗ്ലണ്ട്; വീണ്ടും പൊലിഞ്ഞു ബ്രസീൽ

ബ്രസീലിനെതിരെ ഇരട്ടഗോൾ നേടിയ എർലിങ് ഹാലണ്ടിനെ സഹകളിക്കാർ അഭിനന്ദിക്കുന്നു
ന്യൂജേഴ്‌സി: കാൽനൂറ്റാണ്ടിനോടടുത്ത കാത്തിരിപ്പ് വിഫലം. ബ്രസീൽ ഒരിക്കൽക്കൂടി ലോകകപ്പ് ഫുട്‌ബോളിൽ നിരാശപ്പെടുത്തി. നാലാം ലോകകപ്പ് മാത്രം കളിക്കുന്ന നോർവെയോട് തോറ്റ് പ്രീ ക്വാർട്ടറിൽ മടങ്ങി. എർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിൽ നോർവെ ആദ്യമായി ക്വാർട്ടറിൽ. അവസാന നിമിഷം നെയ്‌മറാണ് പെനൽറ്റിയിലൂടെ ബ്രസീലിനായി ഗോൾ മടക്കിയത്.
നോർവെയുടെ തന്ത്രങ്ങൾക്ക് മുന്നിൽ കാർലോ ആൻസെലോട്ടിയുടെ ബ്രസീലിന് മറുപടിയുണ്ടായില്ല. തുടക്കത്തിൽ കിട്ടിയ പെനൽറ്റി ബ്രൂണോ ഗുയ്‌മറെസ് പാഴാക്കിയത് തിരിച്ചടിയായി. വിനീഷ്യസിന്റെയും ഗുയ്‌മറിസിന്റെയും ശ്രമങ്ങൾ തടഞ്ഞ ഗോൾകീപ്പർ ഒർയാൻ നയ്‌ലൻഡിന്റെ പ്രകടനം നോർവെയുടെ ജയത്തിൽ നിർണായകമായി.
പകരക്കാരനായെത്തിയ പത്തൊന്പതുകാരൻ എൻഡ്രിക്ക് ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞത് ബ്രസീലിന് തിരിച്ചടിയായി. 79–ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറുപിന്റെ ക്രോസിൽ തലവച്ചാണ് ഹാലണ്ട് നോർവെയ്‌ക്ക് ലീഡ് നൽകിയത്. 90–ാം മിനിറ്റിൽ തകർപ്പൻ ഷോട്ടിലൂടെ ജയവും പൂർത്തിയാക്കി. പരിക്ക്‌സമയത്താണ് നെയ്‌മർ പെനൽറ്റിയിലൂടെ ലക്ഷ്യംകണ്ടത്.
അഞ്ച് തവണ ജേതാക്കളായ ബ്രസീലിന്റെ അവസാന നേട്ടം 2002ലാണ്. ശേഷം ആറ് തവണയും യൂറോപ്യൻ ടീമുകളോട് തോറ്റു.ആതിഥേയരായ മെക്‌സിക്കോയെ 3–2ന് തോൽപ്പിച്ച ഇംഗ്ലണ്ടാണ് ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളിലാണ് ഇംഗ്ലീഷ് ജയം. ഒരെണ്ണം ഹാരി കെയ്‌ൻ നേടി.










0 comments