ad
Deshabhimani

കാല് മാറിയില്ല; റയൽ മെഡിക്കൽ സംഘത്തിന് ക്ലീൻ ചിറ്റ് നൽകി എംബപ്പെ

embappe
വെബ് ഡെസ്ക്

Published on Mar 27, 2026, 04:34 PM | 1 min read


ബോസ്റ്റൺ: റയൽ മഡ്രിഡ് മെഡിക്കൽ ടീമിന് വീഴ്ച പറ്റിയെന്ന വാർത്തകൾ നിഷേധിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പെ രംഗത്ത്. ഇടതുകാൽമുട്ടിനേറ്റ പരുക്കിന് ടീം ഡോക്ടർമാർ അബദ്ധത്തിൽ വലതുകാലിൽ പരിശോധന നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് എംബപ്പെ വിവാദങ്ങളോട് പ്രതികരിച്ചത്.


കഴിഞ്ഞ ഡിസംബറിൽ സ്പാനിഷ് ലാ ലിഗ മത്സരത്തിനിടെയാണ് എംബപ്പെയുടെ ഇടതുകാൽമുട്ടിന് പരുക്കേറ്റത്. എന്നാൽ, റയൽ മഡ്രിഡ് മെഡിക്കൽ സംഘം എംആർഐ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയത് താരത്തിന്റെ വലതുകാലിലാണെന്ന് ഫ്രഞ്ച് മാധ്യമമായ 'ആർഎംസി സ്പോർട്സ്' റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പിന്നീട് സ്പാനിഷ് മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് താരം നേരിട്ട് വിശദീകരണവുമായി എത്തിയത്.


"ഡോക്ടർമാർക്ക് അബദ്ധം പറ്റിയെന്നു പറയുന്നത് തെറ്റായ കാര്യമാണ്. ആശയവിനിമയം കൃത്യമല്ലെങ്കിൽ പലവിധത്തിലുള്ള വ്യാഖ്യാനങ്ങൾ വരാം. എന്നാൽ മെഡിക്കൽ ടീമിനെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങളിൽ സത്യമില്ല," എംബപ്പെ പറഞ്ഞു. വലതുകാൽ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയെന്നും, ഇതുകാരണം പരുക്കുള്ള ഇടതുകാലുമായി എംബപെ ആഴ്ചകളോളം മത്സരങ്ങൾ കളിച്ചെന്നും പരുക്ക് ഗുരുതരമായെന്നുമാണ് സ്പാനിഷ് മാധ്യമങ്ങൾ ആരോപിച്ചിരുന്നത്.


പരുക്കിനെത്തുടർന്ന് കുറച്ചുനാൾ വിശ്രമത്തിലായിരുന്ന എംബപ്പെ കഴിഞ്ഞയാഴ്ചയാണ് ഫിറ്റ്നസ് വീണ്ടെടുത്ത് വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തിയത്. റയൽ മഡ്രിഡ് മെഡിക്കൽ സംഘവും എംബപെയും തമ്മിൽ അത്ര നല്ല ബന്ധമല്ല എന്ന റിപ്പോർട്ടുകൾ നേരത്തെയും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിവാദങ്ങൾക്കും താരം വിരാമമിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home