ad
Deshabhimani

എഗാരോ; അധിനിവേശത്തിന്റെ പോസ്റ്റിൽ വീണ തീപ്പന്തുകൾ

mohun bagan team in 1911

1911ലെ മോഹൻബഗാൻ ടീം

avatar
ആർ സി വി

Published on Jun 04, 2026, 03:38 PM | 2 min read

1942 ആ​ഗസ്ത് 9-ന് നാസി പടയ്ക്കെതിരെ കൊടുംപട്ടിണിയേയും വധഭീഷണികളേയും വകവയ്ക്കാതെ പന്തുകൊണ്ട് പോരാടി വിജയം നേടിയ യുക്രെയ്ൻ ഫുട്ബോൾ ടീമായ എഫ്സി സ്റ്റാർട്ടിന്റെ (FC Start) 'ഡെത്ത് മാച്ച്' (Death Match) എന്ന നിണമണിഞ്ഞ കാൽപ്പന്ത് ചരിതം ഓർമയില്ലേ. ലോകത്തെ നടുക്കിയ എന്നാൽ അഭിമാനം കൊള്ളിച്ച ആ പോരാട്ടം നടക്കുന്നതിനും 31 വർഷം മുൻപ് ഇന്ത്യയിലും സമാനമായ ഒരു ഐതിഹാസിക പോരാട്ടം നടന്നിരുന്നു.


ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യയിൽ നടന്ന ഫുട്ബോൾ പോരാട്ടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? 1911-ൽ ബംഗാളിലെ മൈതാനത്ത് ബ്രിട്ടീഷുകാർക്കെതിരെ വെറുംകാലിൽ പന്തുതട്ടി മോഹൻ ബഗാൻ ടീം നേടിയ വിജയം ഇന്ത്യയുടെ കായിക ചരിത്രത്തിലെ മാത്രമല്ല, സ്വാതന്ത്ര്യസമരചരിത്രത്തിലെയും ആവേശകരമായ ഏടാണ്.


ബൂട്ടിട്ടവർക്കെതിരെ നഗ്നപാദരായി


1911 ജൂലൈ 29-ന് തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കൽക്കട്ട ഫുട്ബോൾ ക്ലബ് ഗ്രൗണ്ടിലായിരുന്നു ഐഎഫ്എ (IFA) ഷീൽഡ് ഫൈനൽ മത്സരം. ബ്രിട്ടീഷ് പട്ടാളക്കാരുടെ ടീമായ ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റായിരുന്നു മോഹൻ ബഗാന്റെ എതിരാളികൾ. ബൂട്ടിട്ട് കളിച്ച ബ്രിട്ടീഷ് താരങ്ങൾക്കെതിരെ ധോത്തി മടക്കിക്കുത്തി നഗ്നപാദരായാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്. 11 അംഗ മോഹൻ ബഗാൻ ടീമിൽ സുധീർ ചാറ്റർജി മാത്രമാണ് ബൂട്ടിട്ട് കളിച്ച താരം.


mohun baganകൊൽക്കത്ത ഫുട്ബോൾ ക്ലബ് ഗ്രൗണ്ടിൽ ബ്രിട്ടീഷ് പട്ടാളക്കാരുടെ ടീമായ ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റും മോഹൻ ബ​ഗാനും തമ്മിൽ നടന്ന മത്സരം


അഭിലാഷ് ഘോഷ്…ഗോൾ


ബ്രിട്ടീഷ് ടീം പരുക്കൻ തന്ത്രങ്ങളും കടുത്ത ഫൗളുകളും പുറത്തെടുത്തു. ആദ്യം ഒരു ഗോളിന് പിന്നിലായിരുന്നു മോഹൻ ബഗാൻ. തുടർന്ന് ക്യാപ്റ്റൻ ഷിബ്ദാസ് ഭാദുരി ഗോൾ നേടി. അഭിലാഷ് ഘോഷാണ് വിജയഗോൾ നേടിയത്. അങ്ങനെ 2-–1 ന് മോഹൻ ബഗാൻ ബ്രിട്ടീഷ് പട്ടാളടീമിനെ കീഴടക്കി ഐഎഫ്എ ഷീൽഡ് നേടുന്ന ആദ്യ ഇന്ത്യൻ ടീമായി.


ജനത്തിരക്കും ആവേശവും ബഹളവും കാരണം ആകാശത്തേക്ക് പട്ടങ്ങൾ പറത്തിയാണത്രേ സ്കോർ ആരാധകരെ അറിയിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ നേടിയ ജയം ടീമിനെക്കാളും നാട്ടുകാരെയാണ് ആഹ്ലാദിപ്പിച്ചത്. 1989ൽ മോഹൻബഗാൻ സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തിൽ സർക്കാർ ആ കളിയുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. മോഹൻ ബഗാന്റെ ഐതിഹാസികവിജയം പ്രമേയമായ ‘എഗാരോ’: (Egaro: The (Immortal eleven) എന്ന ബംഗാളി സിനിമയും 2011ൽ പുറത്തിറങ്ങി.


തലസ്ഥാന മാറ്റവും ബഗാന്റെ വിജയവും തമ്മിൽ?


1911 ഡിസംബർ 12-ന് കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം മാറ്റിയതിന് പിന്നിൽ മോഹൻ ബഗാനോടേറ്റ പരാജയമായിരുന്നു എന്നൊരു മിത്ത് നിലനിൽക്കുന്നുണ്ടെങ്കിലും അതിൽ യാഥാർത്ഥ്യമില്ല. 1905-ലെ ബംഗാൾ വിഭജനത്തിന് ശേഷമുണ്ടായ അവിടെയുണ്ടായ ശക്തമായ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളും, ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള കൊൽക്കത്തയെക്കാൾ ഭരണത്തിന് കൂടുതൽ അനുയോജ്യമായ കേന്ദ്രമെന്ന നിലയിൽ ഡൽഹിക്കുണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമായിരുന്നു ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. അതേസമയം, മോഹൻ ബഗാന്റെ ഈ ഐതിഹാസിക വിജയവും ബംഗാളിൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടങ്ങൾക്ക് ഒരു ഉൾപ്രേരകമായി എന്നതും യാഥാർത്ഥ്യമാണ്.


ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ വെെവിധ്യമാർന്ന സംഭവങ്ങൾ ദേശാഭിമാനി ഓൺലെെനിലും വായിക്കാം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home